ന്യൂഡൽഹി: വ്യാജ വിവരങ്ങൾ നൽകി യുവാവുമായി ചങ്ങാത്തത്തിലായ ശേഷം പീഡന കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച യുവതി അറസ്റ്റിലായി. അലിഗഢ് സ്വദേശിനിയായ സോഫിയ ആണ് അറസ്റ്റിലായത്. യഥാർത്ഥ പേര് മറച്ചുവെച്ച് നേഹ ഠാക്കൂർ എന്ന പേരിലായിരുന്നു യുവതി യുവാവുമായി ബന്ധം സ്ഥാപിച്ചത്.
പ്രണയബന്ധത്തിനൊടുവിൽ തന്നെ വിവാഹം ചെയ്യണമെന്ന് യുവതി യുവാവിനോട് ആവശ്യപ്പെട്ടു. യുവാവ് വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് വ്യാജ ബലാത്സംഗ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി സോഫിയ യുവാവിൽ നിന്നും രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടത്.
ഇതോടെ യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ പോലീസ് യുവതിയുടെ പൂർവകാല ക്രിമിനൽ പശ്ചാത്തലം മനസിലാക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. ഇവർക്കെതിരെ അലിഗഢ് പോലീസ് സ്റ്റേഷനിൽ സമാനമായ നിരവധി കേസുകൾ വേറെയും നിലവിലുണ്ട്. പ്രണയബന്ധം സ്ഥാപിച്ച ശേഷം വ്യാജ ബലാത്സംഗ പരാതികൾ നൽകി ആളുകളെ കെണിയിൽ വീഴ്ത്തുന്നത് ഇവരുടെ സ്ഥിരം രീതിയാണെന്നും പോലീസ് വ്യക്തമാക്കി.








