ഡല്‍ഹി: ആസാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഭീകര സംഘടനയായ ഉള്‍ഫയുടെ ജനറല്‍ സെക്രട്ടറി അനൂപ് ഛേതിയയെ ബംഗ്ലാദേശ് ഇന്ത്യയ്ക്ക് കൈമാറി. ഉള്‍ഫയുടെ സ്ഥാപക നേതാക്കളിലൊരാളാണ് അനൂപ് ഛേതിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും ബംഗ്ലാദേശ് അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇയാളെ ഇന്ത്യയ്ക്ക് കൈമാറിയത്.
ഇന്ത്യ വര്‍ഷങ്ങളായി ഇയാളെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ബംഗ്ലാദേശ് നീട്ടി കൊണ്ടുപോവുകയായിരുന്നു. അയല്‍രാജ്യങ്ങളില്‍ നിന്ന് ഉള്‍ഫയ്ക്ക് ലഭിയ്ക്കുന്ന സാമ്പത്തികസഹായം സംബന്ധിച്ചുള്ള വിവരങ്ങള്‍ അനൂപ് ഛേതിയയില്‍ നിന്ന് മനസിലാക്കാന്‍ കഴിയുമെന്നാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ പ്രതീക്ഷ. അനൂപ് ഛേതിയയെ കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ധാക്കയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ന്യൂഡല്‍ഹിയിലെത്തിയിട്ടുണ്ട്.
കൊലപാതകകേസ് ഉള്‍പ്പടെ നിരവധി കേസുകളാണ് അനൂപ് ഛേതിയയുടെ പേരിലുള്ളത്. 1997ല്‍ ഇയാള്‍ ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിയ്ക്കപ്പെടുകയും ചെയ്തിരുന്നു. 2003ല്‍ ജയില്‍ മോചിതനായ അനൂപിനെ വീണ്ടും അറസ്റ്റ് ചെയ്യുകയും രാഷ്ട്രീയ അഭയം സംബന്ധിച്ച ആവശ്യത്തില്‍ തീരുമാനമെടുക്കും വരെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തു. 2005ലും 2008ലും 2011ലുമായി മൂന്ന് തവണ അനൂപ് ഛേത്തിയ ബംഗ്ലാദേശില്‍ രാഷ്ട്രീയ അഭയം തേടിയിരുന്നു.
Discussion about this post