തിരുവനന്തപുരം: മന്ത്രി കെ. ബാബുവിനെതിരെ ആരോപണമുന്നിയിക്കാന്‍ ബാറുടമ ബിജുരമേശ് ഇത്രയും വൈകിയതെന്തിനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ഓരോ ദിവസവും പുതിയ ആരോപണങ്ങളുമായി ബിജുരമേശ് രംഗത്തെത്തുകയാണ്. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം ഇത്തരം ആരോപണങ്ങളുന്നയിച്ചാല്‍ ആരാണ് വിശ്വസിക്കുക എന്നും അദ്ദേഹം ചോദിച്ചു.
അഴിമതി നടത്തുന്ന ആരേയും ഈ സര്‍ക്കാര്‍ സംരക്ഷിക്കില്ല. എന്നാല്‍ അനാവശ്യമായ ആക്ഷേപങ്ങളുന്നയിച്ച് സര്‍ക്കാരിന്റെ ആത്മവിശ്വാസം ഇല്ലാതാക്കാനോ നിര്‍വീര്യമാക്കാനോ ശ്രമിച്ചാല്‍ കീഴടങ്ങില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാണിയോട് രാജി ആവശ്യപ്പെട്ടിട്ടില്ല. മാണി സ്വയം രാജിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ധനവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. തോമസ് ഉണ്ണിയാടന്റെ രാജിക്കാര്യത്തില്‍ മാണിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി ആരോപണം ഉന്നയിച്ച് സര്‍ക്കാരിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്താന്‍ ആരും ശ്രമിക്കണ്ട. വിഴിഞ്ഞം പദ്ധതിയില്‍ പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവാണ് ആറായിരം കോടിയുടെ അഴിമതിയുണ്ടെന്ന് ആരോപണമുന്നയിച്ചത്. പിന്നീടൊന്നും മിണ്ടിയില്ല.
അതേക്കുറിച്ച് നിങ്ങള്‍ അന്വേഷിച്ചോ എന്ന് മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ചോദിച്ചു. മദ്യനിരോധനത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നോട്ടില്ലെന്നു മാത്രമല്ല കൂടുതല്‍ കര്‍ശനമായ നടപടികള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post