ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സലിം ദുറാനി അന്തരിച്ചു. 88 വയസായിരുന്നു. വീഴ്ചയെ തുടർന്ന് തുടയിലെ എല്ല് പൊട്ടി ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വിശ്രമത്തിലായിരുന്നു. സഹോദരൻ ജഹാംഗീർ ദുറാനിക്കൊപ്പം ജാമ്നഗറിലായിരുന്നു താമസം.
1960 മുതൽ 1973 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു സലിം ദുറാനി. ഇന്ത്യക്ക് വേണ്ടി 29 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1202 റൺസും 74 വിക്കറ്റുകളും നേടിയിട്ടുണ്ട്. അവശ്യ ഘട്ടങ്ങളിൽ സിക്സറുകൾ പായിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. അഫ്ഗാനിസ്ഥാനിൽ ജനിച്ച ഒരേയൊരു ഇന്ത്യൻ ടെസ്റ്റ് താരമായിരുന്നു ദുറാനി.
1954 മുതൽ 1956 വരെ ഗുജറാത്തിനായി കളിച്ചിട്ടുള്ള ദുറാനി, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സൗരാഷ്ട്രയെയും രാജസ്ഥാനെയും പ്രതിനിധീകരിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 170 മത്സരങ്ങളിൽ നിന്നായി 8,545 റൺസും 484 വിക്കറ്റുകളും നേടിയിട്ടുണ്ട്. 21 തവണ 5 വിക്കറ്റ് നേട്ടവും 14 സെഞ്ച്വറികളും നേടിയിട്ടുണ്ട്.
സലിം ദുറാനിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുറാനി ഒരു ക്രിക്കറ്റ് ഇതിഹാസമായിരുന്നു. ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന് വിയോഗ വേളയിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സങ്കടത്തിൽ പങ്കുചേരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിൽ വെച്ച് സലിം ദുറാനിയുമായി കൂടിക്കാഴ്ച നടത്തിയ സന്ദർഭങ്ങളും പ്രധാനമന്ത്രി അനുസ്മരിച്ചു.








