ന്യൂഡൽഹി: ബിഹാറിലുണ്ടായ ബോംബ് ആക്രമണത്തിൽ എൻഐഎ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി നേതാവ്. സസരം എംപി ഛെഡ്ഡി പസ്വാൻ ആണ് എൻഐഎ അന്വേഷണം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അടുത്ത ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി സസരമിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടെയായിരുന്നു പ്രദേശത്ത് ബോംബ് ആക്രമണം ഉണ്ടായത്. അതേസമയം അദ്ദേഹം പങ്കെടുക്കാനിരുന്ന പരിപാടി രാമനവമി ദിനത്തിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയിരുന്നു.
ബോംബ് നിർമ്മിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത് എന്നാണ് പ്രാഥമിക വിവരം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ജില്ലാ ഭരണകൂടം ശേഖരിക്കണം. അമിത് ഷാ പങ്കെടുക്കുന്ന പരിപാടി പ്രദേശത്ത് സംഘടിപ്പിക്കാൻ ഇരിക്കുകയായിരുന്നു. അദ്ദേഹത്തെ ആക്രമിക്കാനാണ് ബോംബുകൾ നിർമ്മിച്ചിരുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അതിനാൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദേശത്തെ മസ്ജിദിന് സമീപത്തെ കെട്ടിടത്തിനുള്ളിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. ഇതിൽ തീവ്രവാദ ബന്ധം സംശയിക്കുന്നുണ്ട്. അതിനാൽ എൻഐഎ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാവിലെയോടെയാണ് സസരമിലെ വീട്ടിൽ ബോംബ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്.









