ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഗോള തലത്തിൽ പെരുമ ഉയർത്തി ഇന്ത്യ. യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ ചൈനയെയും യുഎഇയെയും പിന്നിലാക്കിയാണ് രാജ്യത്തിന്റെ അഭിമാന നേട്ടം.
കഴിഞ്ഞ ദിവസമായിരുന്നു കമ്മീഷനിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ 53 ൽ 46 വോട്ടുകൾ ഇന്ത്യ സ്വന്തമാക്കി. അതേസമയം 19 വോട്ടുകളാണ് ചൈനയ്ക്ക് ലഭിച്ചത്. യുഎഇയ്ക്ക് 15 വോട്ടുകളും, ദക്ഷിണ കൊറിയയ്ക്ക് 23 വോട്ടുകളും ലഭിച്ചു. തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം ഇന്ത്യയുടെ പ്രീതിയാണ് വ്യക്തമാക്കുന്നത്.
1947 ലാണ് യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ രൂപീകരിച്ചത്. അംഗങ്ങളായ രാജ്യങ്ങളിലെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുകയും, ഇതു സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന സംഘടനയാണ് ഇത്. നാല് വർഷമാണ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി. കമ്മീഷനിൽ അടുത്ത വർഷം ജനുവരി ഒന്നിന് ചുമതലയേൽക്കും.
അതേസമയം ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അഭിനന്ദനങ്ങളുമായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കർ രംഗത്ത് എത്തി. വളരെ സങ്കീർണമായ തിരഞ്ഞെടുപ്പായിരുന്നു നടന്നത്. ഇതിൽ നിർണായക വിജയം നേടിയെടുക്കാൻ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.








