കോഴിക്കോട്: ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്നെന്ന് മൊഴി. റെയിൽവേ സ്‌റ്റേഷന് സമീപത്തെ പമ്പിൽ നിന്നും ഞായറാഴ്ച പെട്രോൾ വാങ്ങിയെന്നാണ് ഇയാൾ അന്വേഷണസംഘത്തോട് പറഞ്ഞിരിക്കുന്നത്. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. പെട്രോൾ വാങ്ങിയതിന് ശേഷം തീവയ്പ് നടത്തിയ ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിൽ കയറുകയായിരുന്നു. എന്നാൽ ഷാരൂഖ് ഷൊർണൂരിൽ എത്തിയ ദിവസത്തെ സംബന്ധിച്ചുള്ള അവ്യക്തത ഇപ്പോഴും തുടരുകയാണ്. സമ്പർക്രാന്തി എക്‌സ്പ്രസിലാണ് കേരളത്തിലേക്ക് വന്നത് എന്നാണ് ഇയാൾ പറയുന്നത്.
പ്രതിക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും ഒരു പോലെ പ്രാവീണ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. പ്ലസ്ടു വിദ്യാഭ്യാസം മാത്രമാണുള്ളതെന്നാണ് ഇയാളുടെ മാതാപിതാക്കൾ പറഞ്ഞത്. ആക്രമണം സ്വയം തീരുമാനിച്ച് നടത്തിയതാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ആക്രമണത്തിന് ശേഷം ട്രെയിനിൽനിന്ന് ചാടിയത് ഇരുന്നാണെന്നും പരുക്കേൽക്കാതിരിക്കാനുള്ള മുൻകരുതലായിരുന്നുവെന്നും പ്രതി പറയുന്നു.
നിലവിൽ ഇയാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ചേവായൂർ മാലൂർകുന്ന് പോലീസ് ക്യാമ്പിലാണ് ചോദ്യം ചെയ്യൽ. കൃത്യത്തിന് പിന്നിൽ ആരാണ്, ഗൂഢാലോചന നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ആദ്യ ഘട്ടത്തിൽ പോലീസ് ശേഖരിക്കുന്നത്. ഇതിന്റെ ഭാഗമായി ഷാരൂഖിനെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പും നടത്തും.
Discussion about this post