പാലക്കാട്: വടക്കഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിന് ഇരയായതായി കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടത്തിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്. ഇതോടെ കേസിലെ പ്രതിയായ 21 കാരനെതിരെ പോക്‌സോ നിയമ പ്രകാരം പോലീസ് കേസ് എടുത്തു.
ഇന്നലെയാണ് പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ യുവാവ് പീഡിപ്പിച്ചുവരികയായിരുന്നുവെന്നും, ഇത് അസഹനീയമായതോടെയായിരുന്നു ആത്മഹത്യ എന്നുമാണ് പോലീസ് സംശയിക്കുന്നത്. നിലവിൽ പ്രതി ഒളിവിലാണ്. ഇയാളെ പിടികൂടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 28 നാണ് പെൺകുട്ടിയെ വീടിന്റെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 21കാരനുമായി അടുപ്പമുള്ളതായി കണ്ടെത്തി. സംഭവത്തിൽ മംഗലംഡാം പോലീസ് ആണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ പെൺകുട്ടിയുടെ മരണം കേവലം ആത്മഹത്യ മാത്രമാക്കി ഒത്ത്തീർക്കാനായിരുന്നു പോലീസ് ശ്രമം നടത്തിയിരുന്നത്. ഇതിനെതിരെ കുടുംബം ഐ.ജി.ക്കും ജില്ലാ പോലീസ് മേധാവിക്കും കളക്ടർക്കുമുൾപ്പെടെ പരാതി നൽകുകയായിരുന്നു.
Discussion about this post