മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏകനാഥ് ഷിൻഡെയുടെ അയോദ്ധ്യാ പര്യടനം ആരംഭിച്ചു. ഇന്നലെ വൈകിട്ടാണ് അദ്ദേഹം മുംബൈയിൽ നിന്ന് യാത്ര തിരിച്ചത്. ശിവസേന എംപിമാർ, എംഎൽഎമാർ, ബിജെപി നേതാക്കൾ എന്നിവർ ഷിൻഡെയ്‌ക്കൊപ്പമുണ്ട്. ശിവസേനയിൽ ഷിൻഡെ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക ചിഹ്നം അനുവദിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ അയോദ്ധ്യാ സന്ദർശനമാണിത്.
ഇന്ന് ഉച്ചയോടെ അദ്ദേഹം ലഖ്‌നൗവിൽ നിന്നും അയോദ്ധ്യയിലേക്ക് തിരിക്കും. നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം സരയു നദിയിലെ മഹാ ആരതിയിലും പങ്കാളിയാകും. ഇന്ന് രാത്രിയോടെ അദ്ദേഹം മുംബൈയിലേക്ക് മടങ്ങും.
അയോദ്ധ്യ തങ്ങൾക്ക് വിശ്വാസത്തിന്റെ കാര്യമാണെന്നും, രാമക്ഷേത്ര നിർമ്മാണം വേഗത്തിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയുകയാണെന്നും ഏകനാഥ് ഷിൻഡെ പറഞ്ഞു.










