വിഷുപ്പുലരിയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി, കണിയൊരുക്കിയും വിഷുക്കോടി അണിഞ്ഞും കൈനീട്ടം നൽകിയും മലയാളികൾ വിഷു ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. വിഷു പൊടി പൊടിക്കാൻ ചുളുവിലയ്ക്ക് പടക്കങ്ങൾ എവിടെ നിന്നെങ്കിലും വാങ്ങി അവധിയ്ക്ക് വീട്ടിലേക്ക് പോകാൻ തയ്യാറെടുത്തിരിക്കുന്നവരാണോ നിങ്ങൾ? എന്നാൽ സൂക്ഷിച്ചോ, അഴിയെണ്ണേണ്ടി വരും. എലത്തൂർ ട്രെയിൻ തീവെപ്പ് സംഭവത്തെ തുടർന്ന് സുരക്ഷാ നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ് റെയിൽവേ.
ട്രെയിൻ വഴി, പടക്കങ്ങൾ,മത്താപ്പ്, തുടങ്ങിയ ഒന്നും കടത്തരുത്. പിടിക്കപ്പെട്ടാൽ അകത്താകുമെന്ന് ഉറപ്പ്. മൂന്നുവർഷംവരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണിതെന്ന് റെയിൽവേ വ്യക്തമാക്കുന്നു.റെയിൽവേ ആക്ട് 164-ാം വകുപ്പുപ്രകാരം അപകടം ഉണ്ടാക്കുന്ന വസ്തുക്കൾ ട്രെയിൻ വഴി കൊണ്ടുപോകുന്നത് ഗൗരവകരമായ കുറ്റമാണ്. ഈ വിഷയത്തിൽ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽകരണവും പരിശോധനയും ആർ.പി.എഫ്. നേതൃത്വത്തിൽ ശക്തമാക്കിയിട്ടുണ്ട്.
മാഹിയിൽ പടക്കത്തിന് വില കുറവായതിനാൽ കണ്ണൂർ കോഴിക്കോട് ജില്ലയിലുള്ളവർ ഇവിടെ നിന്ന് പടക്കം വാങ്ങി ട്രെയിനിൽ കൊണ്ടുവരുന്ന ശീലം മറക്കേണ്ടതാണെന്ന് സാരം.കോയമ്പത്തൂർ, തിരുപ്പൂർ ഭാഗങ്ങളിൽനിന്നൊക്കെ പടക്കങ്ങൾ വിലക്കുറവിൽ ലഭിക്കും. ട്രെയിൻ വഴി ഇവ കേരളത്തിലേക്ക് കടത്തുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
Discussion about this post