കോഴിക്കോട്: എലത്തൂരിൽ മൂന്ന് തീവണ്ടി യാത്രികരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡൽഹിയിൽ നിന്നും പ്രതി ഷാറൂഖ് സൈഫി ഒറ്റയ്ക്കാണ് കേരളത്തിൽ എത്തിയത് എന്നാണ് പുതിയ വിവരം. അതേസമയം പ്രതിയുമായി ഇന്ന് അന്വേഷണ സംഘം തെളിവെടുക്കും.
ആക്രമണത്തിന്റെ സ്വഭാവം വച്ച് സംഘമായാണ് ഷാറൂഖ് സൈഫി കേരളത്തിൽ എത്തിയത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ റെയിൽവേ സ്റ്റേഷനിലും ഇയാൾ സഞ്ചരിച്ച വഴികളിലെ സിസിടിവി ക്യാമറകളും പരിശോധിച്ചപ്പോൾ ഒറ്റയ്ക്കാണെന്ന് വ്യക്തമായി. ഇതോടെ ആസൂത്രണത്തിൽ പങ്കാളികളായവർക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
ഇന്നലെ ഷാറൂഖിന്റെ ഷഹീൻ ബാഗിലെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. മണിക്കൂറുകളോളം നടത്തിയ പരിശോധനയിൽ ചില രേഖകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്നും ഇയാൾക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണ് ഉള്ളതെന്ന് വ്യക്തമായി. വീട്ടുകാരിൽ നിന്നും വിശദമായ മൊഴിയെടുത്ത ശേഷമാണ് ഇവിടെ നിന്നും അന്വേഷണ സംഘം മടങ്ങിയത്. അയൽക്കാരുടെയും ഷാറൂഖിന്റെ സുഹൃത്തുക്കളുടെയും മൊഴിയെടുത്തിട്ടുണ്ട്.
ഷാറൂഖിന് ഭീകര ബന്ധമുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ സ്ഥിരീകരണം. ഇക്കാര്യത്തിലാണ് ഇപ്പോൾ വിശദമായ അന്വേഷണം. ഷാറൂഖിന്റെ തീവ്രവാദ ബന്ധം പോലീസ് റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഷാറൂഖിനായി വിപുലമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. നിലവിൽ ആറ് കേരളാ പൊലീസ് ഉദ്യോഗസ്ഥർ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഇവിടെയുള്ള മലയാളികളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന കാര്യത്തിലാണ് ഊർജ്ജിത അന്വേഷണം.












