സിനിമാ താരങ്ങളുടെ പിറന്നാൾ ആഘോഷങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പലപ്പോഴും വൈറൽ ആകാറുണ്ട് . ഇഷ്ടതാരങ്ങളുടെ പിറന്നാൾ ആഘോഷം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. സിനിമാ സുഹൃത്തുക്കൾക്കും കുടുംബത്തിനൊപ്പം കേക്ക് മുറിച്ചും ആടിപ്പാടിയും താരങ്ങൾ പിറന്നാൾ പൊടിപൊടിയ്ക്കുന്നു. ഇപ്പോഴിതാ പിറന്നാൾ ആഘോഷത്തിനിടെയുള്ള ചിരി ചിത്രം സമൂഹമാദ്ധ്യമങ്ങളിലാകെ വെെറലാവുകയാണ്.

മലയാളികളുടെ പ്രിയ നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടിയുടെ പിറന്നാളാണ് കളറായത്. ആഘോഷത്തിന് മോഹന്‍ലാല്‍ ഉൾപ്പെടെയുള്ള താരങ്ങളാണ് ഒത്തുകൂടിയത്.

രചനയോടൊപ്പം താരസംഘടനയായ ‘അമ്മ’യുടെ പ്രവര്‍ത്തനങ്ങളിലും ഒരുമിച്ചുള്ള മോഹന്‍ലാല്‍, ഇടവേള ബാബു, ശ്വേത മേനോന്‍, സിദ്ദിഖ്, ബാബുരാജ്, സുധീര്‍ കരമന എന്നിവരാണ് പിറന്നാൾ ചിത്രങ്ങളില്‍ ഉള്ളത്. എല്ലാവരും പൊട്ടിച്ചിരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിൽ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. അമ്മ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം സംഘടനയുടെ ഓഫീസില്‍ വച്ചു തന്നെയായിരുന്നു പിറന്നാളാഘോഷം.
‘‘ഇങ്ങനെയായിരുന്നു എന്റെ പിറന്നാൾ ആഘോഷം. ഒരു സ്റ്റാർ ബർത്ഡേ. നന്ദി ലാലേട്ടാ, അങ്ങയുടെ സ്നേഹത്തിനും പ്രാർത്ഥനകൾക്കും. നന്ദി സിദ്ദീഖ് ഇക്ക, ബാബു ചേട്ടന്മാർ, സുധീർ ഏട്ടാ, ശ്വേത ചേച്ചി. എക്സിക്യൂട്ടിവ് കമ്മിറ്റിക്കു ശേഷമുള്ള മനസ്സുനിറഞ്ഞുള്ള ചിരി…പിറന്നാൾ ആശംസകൾ നേർന്ന ഏവർക്കും നന്ദി. സന്തോഷത്തിന്റെ നാൽപ്പതുകൾ ഇവിടെ ആരംഭിക്കുന്നു.’’–രചന നാരായണൻകുട്ടി കുറിച്ചു.








