ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ അഞ്ച് ജവാന്മാരുടെ വീരമൃത്യുവിന് കാരണമായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെയായിരുന്നു ഇവർ ഭീകരാക്രമണം നടത്തിയതെന്ന് പോലീസ് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
പാകിസ്താനിൽ നിന്നുള്ള ലഷ്‌കർ ഇ ത്വയ്ബ ഭീകരരാണ് സൈനികർക്ക് നേരെ ഗ്രനേഡ് എറിഞ്ഞത്. ഏഴ് പേർ സംഘത്തിൽ ഉണ്ടായിരുന്നു. ആക്രമണത്തിന്റെ രീതി പരിശോധിക്കുമ്പോൾ വിദഗ്ധ പരിശീലനം ലഭിച്ചതായി വ്യക്തമാകുന്നുണ്ട്. ഭിംബെർ ഗാളിയിൽ നിന്നും ഏഴ് കിലോമീറ്റർ മാറിയുള്ള വനമേഖലയിലാണ് സൈനികർ ആക്രമിക്കപ്പെട്ടത്. സൈനികരുടെ വരവും കാത്ത് ഭീകരർ മണിക്കൂറുകളോളം ഇവിടെ പതിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളാണ് ഭീകരർ ആക്രമണത്തിനായി ഉപയോഗിച്ചത്. ഇത് ഉപയോഗിക്കാൻ കൃത്യമായ പരിശീലനം ഇവർക്ക് ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അടുത്ത മാസം 20ന് ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ജമ്മു കശ്മീരിലാണ് സംഘടിപ്പിക്കുന്നത്. ഇത് തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ട് പാകിസ്താനാണ് ഭീകരരെ ഇന്ത്യയിലേക്ക് അയച്ചെന്നാണ് വിലയിരുത്തൽ.
Discussion about this post