ജിദ്ദ: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി പത്താമത്തെ സംഘം പോർട്ട് സുഡാനിൽ നിന്ന് തിരിച്ചു. 135 പേരാണ് വ്യോമസേനാ വിമാനത്തിൽ ജിദ്ദയിലേക്ക് തിരിച്ചത്. ഐഎൻഎസ് തർകശിൽ 326 പേരും ജിദ്ദയിലേക്ക് തിരിച്ചിട്ടുണ്ട്. 1839 പേരെയാണ് ഇതുവരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര അറിയിച്ചു.
ജിദ്ദയിലുള്ള വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലാണ് രക്ഷാദൗത്യം. മൂന്ന് യുദ്ധക്കപ്പലുകളും വ്യോമസേനാ വിമാനങ്ങളുമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. ഇന്നലെ ഏഴ് മലയാളികൾ അടക്കം 246 ഇന്ത്യക്കാരെ മുംബൈയിലും 360 പേരെ ഡൽഹിയിലും എത്തിച്ചു.
ആകെ 3500 ഇന്ത്യക്കാരാണ് സുഡാനിലുള്ളതെന്നും വിനയ് ക്വത്ര പറഞ്ഞു. ഇതിൽ 3100 പേരാണ് നാട്ടിലേക്ക് തിരികെ സന്നദ്ധത അറിയിച്ച് എംബസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യക്കാർക്ക് പുറമെ ഇന്ത്യയോട് സഹായമഭ്യർത്ഥിച്ച മറ്റ് രാജ്യക്കാരേയും രക്ഷപെടുത്തും. രക്ഷാദൗത്യത്തിൽ സൗദി മികച്ച സഹകരണമാണ് നൽകുന്നതെന്നും വിനയ് ക്വത്ര അറിയിച്ചു.








