ന്യൂഡൽഹി: മുൻ ജെഡിയു നേതാവ് അജയ് അലോക് ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് രാവിലെ 11.30 നടന്ന പരിപാടിയിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അലോകിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു.
അലോക് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം ഉണ്ടായത് കഴിഞ്ഞ ദിവസമാണ്. ബിജെപിയിലേക്കുള്ള പ്രവേശനത്തിന് മുന്നോടിയായി അദ്ദേഹം പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്ഥിരീകരണം പുറത്തുവന്നത്.
പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ജൂണിൽ അലോകിനെ ജെഡിയു പുറത്താക്കുകയായിരുന്നു. ഇതിന് ശേഷം അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ചിരുന്നു. ഇതിനിടെയാണ് ബിജെപിയുമായി അടുത്തത്. പ്രധാനമന്ത്രിയുടെ ജനക്ഷേമ പ്രവർത്തനങ്ങളാണ് തന്നെ പാർട്ടിയിലേക്ക് ആകർഷിച്ചതെന്ന് അലോക് പറഞ്ഞു.
തന്റെ ജീവിതത്തിലെ നിർണായക ദിനമാണ് ഇന്ന്. ബിജെപി അംഗത്വം സ്വീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. എന്നും പാവങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവരാണ് ബിജെപി. അതിൽ സംഭാവന ചെയ്യാൻ കഴിയുന്നതിൽ സന്തോഷം. ഏറെ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.








