പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. നരേന്ദ്ര മോദിയെ തന്റെ പ്രിയപ്പെട്ട ‘സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ചാണ് മെലോണി സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചത്. മോദിക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും ഊർജവും നിർണ്ണായകമായ രാജ്യസേവനത്തിൽ കൂടുതൽ വിജയവും ഉണ്ടാകട്ടെയെന്ന് അവർ ആശംസിച്ചു.
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര ബന്ധവും സൗഹൃദവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്ന് മെലോണി കുറിച്ചു. ഇരു രാഷ്ട്രങ്ങളുടെയും പരസ്പര സഹകരണവും സമൃദ്ധിയും ഉറപ്പാക്കുന്ന സുദൃഢമായ ഭാവി ഒന്നിച്ചു കെട്ടിപ്പടുക്കുമെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ഉച്ചകോടികളിലെ ഇരു നേതാക്കളുടെയും ഊഷ്മളമായ സൗഹൃദവും കൂടിക്കാഴ്ചകളും നേരത്തെ തന്നെ ആഗോള ശ്രദ്ധ നേടിയിട്ടുള്ളതാണ്.
മെലോണിക്ക് പുറമെ ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ ഭരണാധികാരികളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രധാനമന്ത്രിക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇരു നേതാക്കളുടെയും സൗഹൃദവും മെലോണിയുടെ ആശംസയും ഇതിനോടകം തന്നെ വൻതോതിൽ തരംഗമായിക്കഴിഞ്ഞു.










