മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് പടുകൂറ്റൻ സ്കോർ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പഞ്ചാബിനെതിരെ ലഖ്നൗ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. 40 പന്തിൽ 72 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസും 24 പന്തിൽ 54 റൺസെടുത്ത ഓപ്പണർ കൈൽ മെയേഴ്സും ചേർന്നാണ് ലഖ്നൗവിന് വമ്പൻ സ്കോർ സമ്മാനിച്ചത്.
മത്സരത്തിന്റെ ഒരു ഘട്ടത്തിലും റൺ നിരക്ക് താഴാതെ കാക്കാൻ ലഖ്നൗ ബാറ്റ്സ്മാന്മാർക്ക് സാധിച്ചു. 19 പന്തിൽ 45 റൺസ് നേടിയ നിക്കോളാസ് പുരാനും 24 പന്തിൽ 43 റൺസ് നേടിയ ആയുഷ് ബദോനിയും ലഖ്നൗവിന്റെ നയം വ്യക്തമാക്കി.
4 ഓവറിൽ 29 റൺസ് വിട്ടുകൊടുത്ത രാഹുൽ ചഹാർ ഒഴികെ മറ്റെല്ലാ പഞ്ചാബ് ബൗളർമാരും നന്നായി തല്ല് വാങ്ങി. റബാഡക്ക് 2 വിക്കറ്റ് ലഭിച്ചു.
ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്ന് ലഖ്നൗ പഞ്ചാബിനെതിരെ നേടിയത്. 2013 സീസണിൽ ബംഗലൂരുവിൽ പൂനെ വാറിയേഴ്സ് ഇന്ത്യക്കെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നേടിയ 263/5 ആണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ.








