പാലക്കാട്: വിചാരണ കോടതി വിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ മധുവിന്റെ കുടുംബം. വിചാരണ കോടതി വിധി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ കുടുംബം അപ്പീൽ നൽകിയത്. കേസിൽ വെറുതെ വിട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.
കേസിലെ പ്രതികൾ കഴിഞ്ഞ ദിവസം ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മധുവിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ പ്രതികളിൽ ഒരാൾ ഒഴികെ ബാക്കിയെല്ലാവർക്കും ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇത് അപര്യാപ്തമാണെന്നും പ്രതികൾക്ക് കടുത്ത് ശിക്ഷ തന്നെ നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
വർഷങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ കഴിഞ്ഞ മാസമാണ് മധു കൊലക്കേസിൽ വിചാരണ കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്. 14 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ഇവരിൽ ഒരാൾക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്.
അതേസമയം കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതി അഭിഭാഷകനായ പി.വി ജീവേഷിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മുഖ്യമന്ത്രിയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ജീവേഷിനെ പബ്ലിക് പ്രോസിക്യൂട്ടറാക്കി, അഡ്വ. രാജേഷ് മേനോനെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും മധുവിന്റെ അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post