ന്യൂഡൽഹി: തിഹാർ ജയിലിൽ കൊടും കുറ്റവാളി കൊല്ലപ്പെട്ടതിന് പിന്നാലെ ഡൽഹിയിലെയും ഹരിയാനയിലെയും ഗുണ്ടാ കേന്ദ്രങ്ങളിൽ പോലീസ് പരിശോധന. ലക്ഷക്കണക്കിന് രൂപയും ആയുധങ്ങളും പിടിച്ചെടുത്തു. ദ്വാരക, സോനിപത്, ഝജ്ജാർ എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന.
കൊടും കുറ്റവാളിയും ഗുണ്ടാ നേതാവുമായ സുനിൽ താജ്പൂരിയ ആണ് ജയിലിനുള്ളിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. മൂന്ന് ആഴ്ച മുൻപ് മറ്റൊരു ഗുണ്ടാതലവനും ജയിലിനുള്ളിൽവച്ച് കൊല ചെയ്യപ്പെട്ടിരുന്നു. ഇതോടെയായിരുന്നു ഗുണ്ടാ കേന്ദ്രങ്ങളിൽ രാവിലെ പരിശോധന നടത്തിയത്. നിരവധി പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.
കസ്റ്റഡിയിൽ എടുത്തവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം ഇവരുടെ അറസ്റ്റുൾപ്പെടെ രേഖപ്പെടുത്തും. 20 ലക്ഷം രൂപ, ആയുധങ്ങൾ, ചില നിർണായക രേഖകൾ എന്നിവയാണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു.
2021 ൽ കൊല്ലപ്പെട്ട ഗുണ്ടാ നേതാവിന്റെ സംഘമാണ് സുനിൽ തജ്പൂരിയയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.








