ചങ്ങനാശേരി: കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഭരണ, പ്രതിപക്ഷ പാർട്ടികളുടെ പ്രീണന നിലപാടിനെതിരെ സിറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ബിഷപ്പ് തോമസ് തറയിൽ. ‘കേരള സ്റ്റോറി’ കേരളത്തിൽ നിരോധിക്കാൻ ഭരണ, പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചു ശ്രമിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മതേതരത്വം സംരക്ഷിക്കാൻ എന്തൊരു ഉത്സാഹം? ചെറിയൊരു സംശയം ഈ മതേതരത്വം എന്ന് പറഞ്ഞാൽ ‘വോട്ടുബാങ്ക്’ എന്നാണോ എന്ന് മാത്രം! അദ്ദേഹം പറഞ്ഞു. കാരണം, ഇതേ ഭരണകക്ഷി സംഘടനകളാണ് ക്രൈസ്തവ സന്യാസിനികളെ അധിക്ഷേപിച്ചുകൊണ്ടുള്ള ‘കക്കുകളി’ യെ പ്രോത്സാഹിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൈസ്തവ വികാരം വ്രണപ്പെടുത്തുന്ന കലാരൂപങ്ങൾക്കു അവാർഡ് കൊടുത്തു ആദരിച്ചതും ഇവരൊക്കെത്തന്നെയാണ്. ക്രിസ്ത്യാനി വലിയ വോട്ടുബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല! പക്ഷെ ‘കേരള സ്റ്റോറി’ അങ്ങനെയല്ലല്ലോ… അത് നിരോധിക്കുക തന്നെ വേണം… മതേതരത്വം മഹാശ്ചര്യം എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പ്രതികരണം അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പിനെതിരെ കെസിബിസിയും രംഗത്തെത്തിയിരുന്നു.
ക്രൈസ്തവ സഭയിലെ സന്യാസ സമൂഹത്തെ അവഹേളിക്കുന്ന കക്കുകളി നാടകം ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്ന് പറയുകയും ദ കേരള സ്റ്റോറി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ പെടാതിരിക്കുകയും ചെയ്യുന്നതിനെയാണ് കെസിബിസി വിമർശിച്ചത്.
കേരളത്തിൽ നിന്നും പ്രണയം നടിച്ച് മതംമാറ്റി ഐഎസ് റിക്രൂട്ട്‌മെന്റിന് ഇരകളാക്കിയ മൂന്ന് പെൺകുട്ടികളുടെ കഥയാണ് ദ കേരള സ്റ്റോറി പറയുന്നത്. സിനിമ പ്രദർശിപ്പിച്ചാൽ സംസ്ഥാനത്തെ മതേതരത്വം തകരുമെന്നാണ് ഇടത്, വലത് നേതാക്കളുടെ വാദം. കക്കുകളി നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ജില്ലാ കളക്ടർമാർക്കും ക്രൈസ്തവ സഭകൾ പരാതി നൽകിയെങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇതിന് അധികൃതർ ഒത്താശ ചെയ്യുകയാണ്.
Discussion about this post