ലക്നൗ: ഉത്തർപ്രദേശിലെ നഗര തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 77 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. 11ാം തിയതിയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം നാലാം തിയതി ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞിരുന്നു. ഗൗതം ബുദ്ധ നഗർ ജില്ലയിലെ റബുപുര നഗർ പഞ്ചായത്ത് പ്രസിഡന്റ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ജില്ലകളിലെ മുനിസിപ്പൽ കൗൺസിലുകളിൽ 31 അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷണർ മനോജ് കുമാർ വ്യക്തമാക്കി.
ഇതിന് പുറമെ അലിഗഡിൽ നിന്ന് അഞ്ച് കൗൺസിലർമാരും മീററ്റിൽ നിന്ന് മൂന്നും ഗാസിയാബാദിൽ നിന്ന് ഒരു കൗൺസിലറും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തുകളിൽ 36 അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ 16 പേർ ഗൗതം ബുദ്ധ നഗറിൽ നിന്നും 3 പേർ എറ്റയിൽ നിന്നും അസംഗഡ്, ബന്ദ, കസ്ഗഞ്ച്, ഫറൂഖാബാദ്, അലിഗഡ്, ഹത്രാസ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീതവും ബുലന്ദ്ഷഹർ, ബരാബങ്കി, സിദ്ധാർത്ഥനഗർ, പിലിഭിത്, ഹമീർപൂർഎന്നിവിടങ്ങളിൽ നിന്നും ഓരോരുത്തരുമാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് കമ്മീഷൻ പുറത്ത് വിട്ട പത്രക്കുറിപ്പിൽ പറയുന്നു.
സംസ്ഥാനത്തെ 38 ജില്ലകളിലായി ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകൾ, 590 മുനിസിപ്പൽ വാർഡുകളിലുമായിട്ടാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 10 മുനിസിപ്പൽ കോർപ്പറേഷനുകൾ ഉൾപ്പെടെ വിവിധ മുനിസിപ്പൽ കൗൺസിലുകളിലേക്കും നഗര പഞ്ചായത്തുകളിലേക്കമാണ് വോട്ടെടുപ്പ് നടന്നത്. ഈ മാസം 13നാണ് വോട്ടെണ്ണൽ.
Discussion about this post