ചെന്നൈ: വധൂവരന്മാരില് ഒരാള്‍ മതം മാറുന്നില്ലെങ്കില്‍ മതാചാരപ്രകാരം ക്ഷേത്രത്തില്‍ നടത്തുന്ന വിവാഹത്തിന് നിയമ സാധുത ലഭിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുരബെഞ്ച്. ജസ്റ്റിസുമാരായ പി.ആര്. ശിവകുമാര്‍, വി.എസ്. രവി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
പഴനി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്ത ഹിന്ദു യുവതിയുടെ അച്ഛനമ്മമാര്‍ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി കോടതി തള്ളികൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുവാവ് മതം മാറാതെ ഹിന്ദുമതാചാരപ്രകാരം പഴനി ക്ഷേത്രത്തില്‍ നടത്തിയ വിവാഹത്തിന് എങ്ങനെയാണ് നിയമ സാധുത ലഭിക്കുന്നതെന്ന് യുവതിയോട് കോടതി ചോദിച്ചു. പ്രായപൂര്‍ത്തിയായെന്നും അതിനാലാണ് ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും യുവതി കോടതിയില്‍ പറഞ്ഞു. രക്ഷിതാക്കളുടെ ഹര്‍ജിയില്‍, കോടതിനിര്‍ദേശപ്രകാരം പോലീസാണ് യുവതിയെ കോടതിയില്‍ ഹാജരാക്കിയത്.
യുവതിക്ക് പ്രായപൂര്‍ത്തിയായതിനാല്‍ എവിടെ വേണെങ്കിലും പോകാനുള്ള അവകാശമുണ്ട്. യുവതിക്ക് സംരക്ഷണത്തിന്റെ ആവശ്യവുമില്ല. എന്നാല്‍ ഇരുവരുടെയും വിവാഹത്തിന് നിയമ സാധുതയില്ലെന്ന് കോടതി വിധിച്ചു.
ഹിന്ദു മതാചാരപ്രകാരം നിയമ പ്രകാരമുള്ള വിവാഹമാകണമെങ്കില്‍ ക്രിസ്ത്യന്‍ യുവാവ് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണം. അല്ലെങ്കില്‍ യുവതി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് ക്രിസ്തീയാചാരപ്രകാരം വിവാഹം കഴിക്കണം. ഇതു രണ്ടും സാധ്യമായില്ലെങ്കില്‍ 1954ലെ പ്രത്യേക വിവാഹ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം. സ്വന്തം മതത്തിന്റെ ആചാരനുഷ്ഠാനുങ്ങളുമായി ഇരുവര്‍ക്കും മുന്നോട്ടുപോകാമെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post