ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും 16 ശതമാനം ഉയര്‍ത്താന്‍ ഏഴാം ശമ്പളക്കമ്മിഷന്‍ കേന്ദ്രത്തിന് ശുപാര്‍ശചെയ്തു. കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.കെ.മാഥൂര്‍ വ്യാഴാഴ്ച വൈകിട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏറ്റവും ചുരുങ്ങിയ അടിസ്ഥാനശമ്പളം 18,000 രൂപയായിരിക്കും. ഉയര്‍ന്ന ശമ്പളം 2.25 ലക്ഷം രൂപയും. 2016 ജനവരി ഒന്നിന്റെ പ്രാബല്യത്തോടെ ശുപാര്‍ശകള്‍ നടപ്പാക്കും. വിവിധ അലവന്‍സുകളിലുള്ള വര്‍ധനകൂടി പരിഗണിക്കുമ്പോള്‍ വേതനം 23.55 ശതമാനമാകുമെന്നാണു കണക്കാക്കുന്നത്.
ഫിറ്റ്‌മെന്റ് ഫോര്‍മുല 2.57 ആയി നിജപ്പെടുത്തി. 2006ലെ അടിസ്ഥാനശമ്പളത്തിന്റെ 2.57 മടങ്ങായിരിക്കും പുതിയ അടിസ്ഥാനശമ്പളം. നിലവിലെ ‘പേ ബാന്‍ഡ്’, ‘ഗ്രേഡ് പേ’ രീതികള്‍ നിര്‍ത്തലാക്കി. പകരം ‘പേ മാട്രിക്‌സ്’ എന്ന രീതിയാണ് നടപ്പാക്കുക. സിവിലിയന്‍, സൈനിക, സൈനിക നഴ്‌സിങ് തലങ്ങളിലുള്ളവര്‍ക്ക് വ്യത്യസ്ത ‘മാട്രിക്‌സു’കളുണ്ടാവും.
2016 ജനവരി ഒന്നിനുമുമ്പ് വിരമിക്കുന്ന സിവിലിയന്‍ ജീവനക്കാര്‍ക്കും സൈനികര്‍ക്കും അര്‍ധസൈനികര്‍ക്കുമെല്ലാം പുതിയ പെന്‍ഷന്‍ ഫോര്‍മുല. ഒരേ തസ്തികയില്‍നിന്ന് നേരത്തേ വിരമിച്ചവരുടെയും ഇപ്പോള്‍ വിരമിക്കുന്നവരുടെയും പെന്‍ഷന്‍ തുല്യമാകും. പുതിയ പെന്‍ഷന്‍ കണക്കാക്കുന്നതിനുള്ള രീതി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. പെന്‍ഷനില്‍ 24 ശതമാനം വര്‍ധനയുണ്ടാകും.
എക്‌സ്, വൈ, സെഡ് നഗരങ്ങളില്‍ അടിസ്ഥാനശമ്പളത്തിന്റെ 24, 16, 8 ശതമാനമായിരിക്കും വീട്ടുവാടക അലവന്‍സ്. നിലവില്‍ 30, 20, 10 ശതമാനം വീതമാണിത്. 50 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളാണ് എക്‌സ് വിഭാഗത്തില്‍. അഞ്ചുലക്ഷത്തിനും 50 ലക്ഷത്തിനുമിടയില്‍ ജനസംഖ്യയുള്ളവ വൈ വിഭാഗവും അഞ്ചുലക്ഷത്തില്‍ത്താഴെയുള്ളവ സെഡ് വിഭാഗവും ആണ്. ഡി.എ. അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനമായാല്‍ വീട്ടുവാടക 27, 18, 9 ശതമാനമായും ഡി.എ. 100 ശതമാനം കടന്നാല്‍ 30, 20, 10 ശതമാനമായും ഉയരും.
ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശകള്‍ പരിശോധിച്ച് വേഗത്തില്‍ നടപ്പാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കമീഷന്‍ റിപ്പോര്‍ട്ട് സ്വീകരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭ പരിഗണിക്കാനിരിക്കുന്ന വിഷയമായതിനാല്‍ കമീഷന്റെ ശിപാര്‍ശകള്‍ സംബന്ധിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. ശിപാര്‍ശ പരിശോധിക്കാന്‍ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെട്ട കമ്മിറ്റി ഉണ്ടാക്കും. ശമ്പള വര്‍ധന നടപ്പാക്കുന്നതിന് ഉന്നതാധികാര സമിതിയും രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post