തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് സാധ്യതയെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന പരസ്യവാചകത്തോടെ മത്സരരംഗത്ത് സജീവമായ സിപിഎമ്മിന് പക്ഷേ ഇത്തവണയും കനൽ ഒരു തരികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ ആലപ്പുഴയെങ്കിൽ ഇത്തവണ ആലത്തൂരാണ് സിപിഎമ്മിന്റെ മാനം കാത്തത്. സംസ്ഥാനത്ത് ബിജെപിയ്ക്കും എൽഡിഎഫിനും ഒരു സീറ്റ് വീതം എന്നത് നേതാക്കൾക്കിടയിൽ വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. എംഎൽഎമാരെയും തലമൂത്ത നേതാക്കന്മാരെയും കേന്ദ്രകമ്മറ്റി അംഗത്തെ വരെ മത്സരിപ്പിച്ചെങ്കിലും ജനം തോൽപ്പിച്ചത് പാർട്ടിയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിനെതിരായ ജനവികാരമാണ് യുഡിഎഫിന് മിന്നും ജയം നൽകിയതെന്നതിരിച്ചറിവ് സിപിഎമ്മിലും ചർച്ചയിലാണ്.സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം, പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഉയർന്ന ആരോപണങ്ങൾ. എന്നിവ ഭരണത്തിൻറെ ശോഭ കെടുത്തിയെന്ന കാര്യത്തിൽ പാർട്ടിയ്ക്ക് സംശയമില്ല. എന്നാൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയടക്കം തിരഞ്ഞെടുപ്പ് ഫലം പോലും വന്നിട്ടില്ല എന്ന മട്ടിലാണ് നിൽപ്പ്. പിണറായിയുടെ മൗനം അമികൾക്കിടയിൽ ആലോസരമുണ്ടാക്കുന്നുണ്ട്.
ലോക്‌സഭയിൽ സിപിഎമ്മിന് നാല് സീറ്റ് മാത്രമാണ് ലഭിച്ചത് പഴയ ചെങ്കോട്ടയായിരുന്ന ബംഗാളിലും ത്രിപുരയിലും സംപൂജ്യർ. സിപിഎമ്മിന്റെ നാലിൽ രണ്ടും സിപിഐയുടെ രണ്ടും തമിഴ്‌നാട്ടിൽ കോൺഗ്രസ് കൂടി ഉൾപ്പെട്ട ഡിഎംകെ സഖ്യത്തിന്റെ സംഭാവനയാണ്. രാജസ്ഥാനിൽ കോൺഗ്രസ് പിന്തുണയിൽ നേടിയ സികർ സീറ്റാണ് സിപിഎമ്മിന്റെ അക്കൗണ്ടിലെ മറ്റൊരു നേട്ടം. കേരളത്തിലെ ആലത്തൂരിൽ നിന്ന് കെ രാധാകൃഷ്ണനും.
ദേശീയതലത്തിൽ സിപിഎം 4 സീറ്റും സിപിഐ 2 സീറ്റും സിപിഐ എംഎൽ 2 സീറ്റുമാണ് നേടിയത്. കേരളത്തിലെ ഒന്നിനു പുറമേ തമിഴ്നാട്ടിൽ രണ്ടിടത്തും രാജസ്ഥാനിൽ ഒരിടത്തുമാണ് സിപിഎം ജയിച്ചത്. രാജസ്ഥാനിൽ സികാർ മണ്ഡലത്തിൽ സംസ്ഥാന സെക്രട്ടറി ആംരാ റാം 72,896 വോട്ടിനാണ് ജയിച്ചത്. തമിഴ്നാട്ടിൽ മധുര, ഡിണ്ടിഗൽ മണ്ഡലങ്ങളിലാണു ജയിച്ചത്. മധുരയിൽ എസ്. വെങ്കിടേശൻ 2 ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു. ഡിണ്ടിഗലിൽ ആർ.സച്ചിദാനന്ദം നാലര ലക്ഷത്തോളം വോട്ടിനാണ് വിജയിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂർ, നാഗപട്ടണം എന്നിവിടങ്ങളിലാണു സിപിഐയുടെ ജയം. നാഗപട്ടണത്ത് വി.സെൽവരാജ് 2 ലക്ഷത്തിലേറെ വോട്ടിനും തിരുപ്പൂരിൽ കെ.സുബ്ബരായൻ ഒന്നേകാൽ ലക്ഷത്തോളം വോട്ടിനും ജയിച്ചു. ബിഹാറിലെ അറ മണ്ഡലത്തിൽ സുധാമ പ്രസാദ്, കാരാക്കാട്ട് മണ്ഡലത്തിൽ രാജാറാം സിങ് എന്നീ സിപിഐ എംഎൽ സ്ഥാനാർഥികൾ വിജയിച്ചു.
ദേശീയ പാർട്ടി പദവി സിപിഎം നിലനിർത്തും രാജസ്ഥാനിൽ ജയിച്ചതോടെ സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവിക്കു 2033 വരെ ഭീഷണിയില്ല. കേരളം, ബംഗാൾ, തമിഴ്നാട്, ത്രിപുര എന്നീ 4 സംസ്ഥാനങ്ങളിൽ സിപിഎമ്മിനു സംസ്ഥാന പാർട്ടി പദവിയുള്ളതു കൊണ്ടാണു നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്. ബംഗാളിൽ 2026 ൽ സംസ്ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണ്. സികാറിലെ ജയത്തോടെ സിപിഎമ്മിനു രാജസ്ഥാനിൽ കൂടി സംസ്ഥാന പദവി ലഭിക്കും. ബംഗാളിൽ പദവി നഷ്ടമായാലും രാജസ്ഥാനിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നാലിടത്ത് സംസ്ഥാന പാർട്ടിയായി തുടരാം. തമിഴ്നാട്ടിൽ നിന്ന് 2 സീറ്റിൽ ജയിച്ചതിനാൽ അവിടെ സംസ്ഥാന പാർട്ടിയായി തുടരാം. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭേദപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ത്രിപുരയിൽ സംസ്ഥാന പാർട്ടി പദവിയുണ്ട്.
അതേസമയം 2020ൽ തദ്ദേശവോട്ടിൽ ഇടതുപക്ഷം ശക്തിപ്രകടിപ്പിച്ചതും, 2021ൽ പിണറായി വിജയൻ തുടർഭരണം പിടിച്ചതും യു.ഡി.എഫ് 19 സീറ്റ് നേടിയ 2019ന് പിന്നാലെയാണ്. എന്നാൽ ദേശീയ രാഷ്ട്രീയത്തിൽ കാര്യമായ ഇടമില്ലെന്ന നഗ്‌നസത്യം ഇടതുപക്ഷത്തെ വീണ്ടും ബോധ്യപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ ഫലം. മുൻപ് രാജ്യ ഭരണം നിർണയിച്ചിരുന്ന ഇടതുപക്ഷം ഇന്ന് കനലായി ചുരുങ്ങിയതിന്റെ കാരണം കണ്ടെത്തി പാർട്ടി പരിഹരിച്ചില്ലെങ്കിൽ ബംഗാളിലും ത്രിപുരയിലും അധികാരം കൈമോശം വന്നത് പോലെ നാളെ കേരളത്തിലും സംഭവിച്ചേക്കാം.
Discussion about this post