ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ലാഹോറിലെ വസതി ആക്രമിച്ച് ഇമ്രാൻ അനുകൂലികൾ. പാകിസ്താൻ തെഹ്രീകെ ഇൻസാഫ് അനുകൂലികളായ 500ലധികം ആളുകളാണ് ലാഹോറിലുള്ള പ്രധാനമന്ത്രി വീട് ആക്രമിച്ചത്. ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമികൾ തീയിട്ട് നശിപ്പിച്ചു.
അക്രമികൾ വീടിനുളളിലേക്ക് പെട്രോൾ ബോംബുകൾ എറിഞ്ഞതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഭവസമയം വീടിന്റെ കാവൽക്കാർ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. പ്രധാനമന്ത്രി വീട്ടിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അധികം സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് ഉണ്ടായിരുന്നില്ല. വീടിന്റെ അടുത്തുണ്ടായിരുന്ന പോലീസ് എയ്ഡ് പോസ്റ്റും തീയിട്ട് നശിപ്പിച്ചു.
ആക്രമണം ഉണ്ടായതിന് പിന്നാലെ വലിയ തോതിൽ പോലീസ് സംഘം ഇവിടേക്ക് എത്തി. ഇതോടെ പ്രതിഷേധക്കാർ പിരിഞ്ഞ് പോവുകയായിരുന്നു. വീടിന്റെ മതിലുകൾ തകർക്കാൻ ശ്രമിച്ച സംഘം വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതിനിടെയാണ് കൂടുതൽ പോലീസ് സേന ഇവിടേക്ക് എത്തിയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പഞ്ചാബിൽ മാത്രം 14 സർക്കാർ സ്ഥാപനങ്ങളും 21 പോലീസ് വാഹനങ്ങളും പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇസ്ലാമാബാദ്, പഞ്ചാബ്, ഖൈബർ പഖ്തൂൻഖ്വ, ബലൂചിസ്ഥാൻ എന്നിവിടങ്ങളിലെല്ലാം വലിയ തോതിൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇമ്രാന്റെ അറസ്റ്റിന് പിന്നാലെ രാജ്യത്തുണ്ടായ അക്രമസംഭവങ്ങളിൽ ഏഴ് പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
Discussion about this post