ന്യൂഡൽഹി: നാല് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടി പഠിക്കുന്ന സ്‌കൂളിലെ പ്യൂണിനെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. ഡൽഹി സുൽത്താൻപുരി സ്വദേശിയായ 43കാരനാണ് പിടിയിലായത്. ഇന്നലെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഈ മാസം ഒൻപതാം തിയതിയാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ പ്യൂൺ പീഡിപ്പിച്ചുവെന്നാണ് ആരോപണം. കുട്ടിയുടെ അമ്മയാണ് ഡൽഹി പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയത്. തൊട്ടടുത്ത ദിവസം തന്നെ കുട്ടിയുടെ അമ്മ സൗത്ത് രോഹിണി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കുട്ടി പറഞ്ഞ ലക്ഷണങ്ങളും, സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. പെൺകുട്ടിയെ ഡൽഹി സിറ്റി ഹോസ്പിറ്റലിൽ പരിശോധനയ്ക്ക് വിധേയയാക്കി. ഈ മാസം ഒന്നാം തിയതിയാണ് പെൺകുട്ടി ഈ സ്‌കൂളിൽ ചേരുന്നത്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.









