ഡെഹ്‌റാദൂൺ: പള്ളിയിൽ നമസ്ക്കരിക്കാൻ സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് 22 കാരിയായ ഹിന്ദു യുവതി കോടതിയെ സമീപിച്ചത്. ഹർജിയെ തുടർന്ന് ഹരിദ്വാറിലെ പിരാൻ കാളിയാർ പള്ളിയിൽ യുവതിയ്ക്ക് നമസ്‌കരിക്കുന്നതിന് സുരക്ഷയൊരുക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ലോക്കൽ പോലീസിനോട് ഉത്തരവിട്ടു. സ്ത്രീകൾ കൂടുതലായി നമാസ് അർപ്പിക്കാൻ എത്തുന്ന പള്ളിയും പിരാൻ കാളിയാർ സമുച്ചയത്തിൽ ഉൾപ്പെടുന്നു.
മധ്യപ്രദേശിലെ നീമച്ചിൽ നിന്നുള്ള സ്ത്രീയും ഹരിദ്വാറിൽ നിന്നുള്ള 35 കാരനായ പുരുഷ സുഹൃത്തും ചേർന്നാണ് കോടതിയിൽ ഹർജി നൽകിയത്. നിസ്ക്കരിക്കാൻ അനുവദിക്കാതെ “ചില ആളുകൾ ഭീഷണിപ്പെടുത്തുന്നുവെന്ന്” ആരോപിച്ച് ആണ് യുവതിയുടെ പരാതി. പരാതിക്കാർ ഇരുവരും രണ്ടു വർഷത്തോളമായി ഒരുമിച്ചാണ് താമസിക്കുന്നത്.
ഹിന്ദുവായിട്ടും പള്ളിയിൽ നമസ്‌കരിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി പരാതിക്കാരിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. “പിരൺ കാളിയാർ സന്ദർശിച്ച ശേഷം, എനിക്ക് സ്ഥലം ഇഷ്ടപ്പെട്ടു, അതിനാൽ അവിടെ നമസ്‌കരിക്കാനും പ്രാർത്ഥന നടത്താനും ആഗ്രഹിക്കുന്നു .മറ്റൊരു കാരണവുമില്ല” “താൻ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിച്ചിട്ടില്ല, ഒരു മുസ്ലീമിനെ വിവാഹം കഴിച്ചിട്ടില്ല”, ഇതാണ് യുവതി കോടതിയെ അറിയിച്ചത് . ഹിന്ദു വിശ്വാസിയായ യുവതിയും സുഹൃത്തും ഹരിദ്വാറിലെ ഒരു പ്രശസ്ത ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
ജസ്റ്റിസുമാരായ മനോജ് കുമാർ തിവാരി, പങ്കജ് പുരോഹിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. “പോലീസ് സംരക്ഷണത്തിനായി പിരാൻ കാളിയാറിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് അപേക്ഷ നൽകാനും പരാതിക്കാരിയോട് കോടതി ഉത്തരവിട്ടു. കേസ് മെയ് 22 ന് കോടതി വീണ്ടും പരിഗണിക്കും.








