പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധോലോക സംഘ തലവനും ഭീകരനുമായ ഷെഹ്സാദ് ഭട്ടിയുടെ ഭീകര ശൃംഖലയായ ‘ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ’ (SBN) കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിത ഭീകരസംഘടനയായി പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA) പ്രകാരമാണ് കേന്ദ്ര സർക്കാർ ഈ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പൂർണ്ണ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ നെറ്റ്‌വർക്ക് ഇന്ത്യയുടെ പരമാധികാരത്തിനും ആഭ്യന്തര സുരക്ഷയ്ക്കും കടുത്ത ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ഈ തീരുമാനത്തോടെ യുഎപിഎയുടെ ഒന്നാം പട്ടികയിൽ ഉൾപ്പെടുന്ന 46-ാമത് ഭീകരസംഘടനയായി ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്ക് മാറി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഐഇഡി, ഗ്രനേഡ്, പെട്രോൾ ബോംബ് ആക്രമണങ്ങൾ നടത്താനും പ്രധാന വ്യക്തികളെ ലക്ഷ്യമിട്ട് കൊലപാതകങ്ങൾ ആസൂത്രണം ചെയ്യാനും ഈ ശൃംഖല ശ്രമിച്ചതായി സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇന്ത്യൻ യുവാക്കളെ സാമ്പത്തിക വാഗ്ദാനങ്ങളും മതവികാരങ്ങളും ഇളക്കിവിട്ട് തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുകയും, അവരെ ഉപയോഗിച്ച് സുരക്ഷാ കേന്ദ്രങ്ങൾ, പോലീസ് സ്റ്റേഷനുകൾ, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിവരശേഖരണത്തിനായി സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയുമായിരുന്നു ഇവരുടെ പ്രവർത്തനരീതി. കൂടാതെ, ‘തെഹ്രീകെ താലിബാൻ ഹിന്ദുസ്ഥാൻ’ (TTH) എന്ന പേരിൽ പുതിയ ഭീകര ഗ്രൂപ്പുണ്ടാക്കി രാജ്യത്ത് വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും ഇവർ ശ്രമിച്ചിരുന്നു.
കഴിഞ്ഞ മാസം രാജ്യത്തുടനീളം കേന്ദ്ര സുരക്ഷാ ഏജൻസികളും വിവിധ സംസ്ഥാന പോലീസുകളും സംയുക്തമായി നടത്തിയ വൻ പരിശോധനയിൽ ഈ ശൃംഖലയുമായി ബന്ധമുള്ള ഇരുനൂറിലധികം പേരെ അറസ്റ്റ് ചെയ്യുകയും വലിയ തോതിൽ ആയുധശേഖരവും സ്ഫോടക വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭീകരവാദത്തോടുള്ള ‘സീറോ ടോളറൻസ്’ നയത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംഘടനയെ ഔദ്യോഗികമായി നിരോധിച്ച വിവരം അറിയിച്ചത്. സംഘടനയെ നിരോധിച്ചതോടെ ഇവർക്ക് സാമ്പത്തിക സഹായം നൽകുന്നതും പിന്തുണയ്ക്കുന്നതും കടുത്ത ശിക്ഷാർഹമായ കുറ്റമായി മാറും.








