യുപിഐ (UPI) ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്തിയത് വിദേശ രാജ്യങ്ങളുടെയോ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയോ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന പ്രതിപക്ഷ ആരോപണങ്ങൾ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇന്ത്യയുടെ യുപിഐ നയങ്ങൾ തികച്ചും സ്വതന്ത്രമായാണ് കൈക്കൊള്ളുന്നതെന്നും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് യുപിഐ സേവനം പൂർണ്ണമായും സൗജന്യമായി തന്നെ തുടരുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
യുഎസ് കാർഡ് കമ്പനികളായ വിസക്കും (Visa) മാസ്റ്റർകാർഡിനും (Mastercard) തിരിച്ചടിയായ സീറോ എംഡിആർ നയം അവസാനിപ്പിക്കാൻ അമേരിക്കയുടെ സമ്മർദ്ദത്തിന് പ്രധാനമന്ത്രി വഴങ്ങിയെന്ന കോൺഗ്രസ് ആരോപണത്തിന് പിന്നാലെയാണ് ധനകാര്യ മന്ത്രാലയം ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്. സ്വയം പര്യാപ്തവും സുതാര്യവും എല്ലാവർക്കും പ്രാപ്യവുമായ ഡിജിറ്റൽ പേയ്‌മെന്റ് ആവാസവ്യവസ്ഥ ഉറപ്പാക്കാനാണ് തീരുമാനമെന്നും ഇതിൽ യാതൊരുവിധ ബാഹ്യ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം വാ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഇളവുകളും നിയന്ത്രണങ്ങളും അനുസരിച്ച് 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരികളുമായുള്ള (P2M) ഇടപാടുകൾക്ക് മാത്രമാണ് 0.4% തുക എംഡിആർ നിരക്കായി ഈടാക്കുന്നത്. എന്നാൽ വ്യക്തികൾ തമ്മിലുള്ള (P2P) കൈമാറ്റങ്ങൾക്കും, ചെറുകിട കച്ചവടക്കാർക്കുമുള്ള ഇടപാടുകൾക്കും യാതൊരു വിധ ചാർജുകളും ഈടാക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകുന്നു. വ്യാപാരികളുടെ പക്കൽ നിന്നാണ് ഈ തുക ഈടാക്കുന്നത് എന്നതിനാൽ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും ബാങ്കുകൾ ഇത് ഉപഭോക്താക്കളിലേക്ക് അടിച്ചേൽപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ധനകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.








