വിജയ് സേതുപതിയെ നായകനാക്കി നിഥിലൻ സാമിനാഥൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘മഹാരാജ’ ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. ഒരു പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോ നിർമ്മിക്കുന്ന ആദ്യ തമിഴ് ചിത്രമെന്ന ചരിത്രനേട്ടമാണ് മഹാരാജ ഇതിലൂടെ സ്വന്തമാക്കിയത്. ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ സുധൻ സുന്ദരമാണ് ഈ ആവേശകരമായ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. റിലീസിന് പിന്നാലെ ഇന്ത്യയിലും വിദേശത്തും വലിയ തരംഗമുണ്ടാക്കിയ ഈ ത്രില്ലർ ചിത്രം ചൈനീസ് ബോക്സ് ഓഫീസിൽ മാത്രം 90 കോടിയിലധികം രൂപ കളക്ഷൻ നേടിയിരുന്നു. ചൈനയിലെയും ഒടിടിയിലെയും വൻ വിജയത്തിന് ശേഷമാണ് ഹോളിവുഡ് ഏജൻസി ചിത്രത്തിന്റെ റീമേക്ക് അവകാശങ്ങൾക്കായി അണിയറപ്രവർത്തകരെ സമീപിച്ചത്.
ഹോളിവുഡിലെ പ്രമുഖ താരങ്ങളെ അണിനിരത്തി അടുത്ത വർഷത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. പ്രശസ്ത ഹോളിവുഡ് താരം മാത്യു മക്കോണഹി വിജയ് സേതുപതിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ നിർമ്മാതാക്കൾ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. മുൻനിര അഭിനേതാക്കളുടെയും മറ്റ് സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ ഹോളിവുഡ് ഏജൻസി ഉടൻ തന്നെ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
വിജയ് സേതുപതിക്ക് പുറമെ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, അഭിരാമി, നടരാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രശംസ നേടിയിരുന്നു. വിജയ് സേതുപതിയുടെ മകളായി അഭിനയിച്ച സഞ്ചന നാമിദാസിന് ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും ലഭിച്ചിരുന്നു. തമിഴ് സിനിമാ വ്യവസായത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ അഭിമാനമായി മാറിയിരിക്കുകയാണ് മഹാരാജയുടെ ഈ ഹോളിവുഡ് പ്രവേശം.








