ന്യൂഡൽഹി: തിഹാർ ജയിലിൽ ഗുണ്ടാനേതാവ് തില്ലു താജ്പുരിയ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ഇയാളുടെ അടുത്ത സഹായികളിൽ ഒരാളുടെ സഹോദരൻ ആത്മഹത്യ ചെയ്തു. 25കാരനായ ബണ്ടിയാണ് മരിച്ചത്. തില്ലുവിന്റെ സഹായിയായ അമിത് എന്ന സോനുവിന്റെ സഹോദരനാണ് ഇയാൾ. തില്ലു ഗ്യാങ്ങിലെ പ്രധാനിയായിരുന്ന അമിത് കഴിഞ്ഞ ആറ് വർഷമായി ജയിലിലാണ്.
ഇയാൾ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. തില്ലു കൊല്ലപ്പെട്ട വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ഇയാൾ വളരെ അസ്വസ്ഥനായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. തില്ലുവിന്റെ മരണം ബണ്ടിയെ ഏറെ അലട്ടിയിരുന്നതായി കുടുംബവും വ്യക്തമാക്കി.
മാതാപിതാക്കളും ഭാര്യയും കുട്ടികളുമാണ് ഇയാളോടൊപ്പം വീ്ട്ടിൽ സംഭവസമയം ഉണ്ടായിരുന്നത്. വെടിയൊച്ച കേട്ട് വീട്ടിലുളളവർ ഓടിയെത്തിയപ്പോൾ തറയിൽ വീണ് കിടക്കുന്നതാണ് കണ്ടത്. എന്നാൽ ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പോലീസ് പറയുന്നത്. ഇയാളുടെ രണ്ട് സഹോദരന്മാരും തില്ലുവിന്റെ ഗുണ്ടാ സംഘത്തിലെ അംഗങ്ങളായിരുന്നു. മൂത്ത സഹോദരൻ ആറ് വർഷമായി ജയിലിൽ തുടരുകയാണ്. മറ്റൊരു സഹോദരൻ ഇക്കഴിഞ്ഞ ജനുവരിയിലാണ് ജയിൽ മോചിതനാകുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.












