ലോകമെമ്പാടും ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്. അമ്മയെന്ന പുണ്യത്തിന്റെ നന്മയും സ്‌നേഹവും കരുതലും അനുഭവിച്ചറിഞ്ഞവരും അമ്മമാരുമൊത്തുള്ള നല്ല അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. ഈ സുദിനത്തിൽ സന്തോഷകരമായ ഒരു വാർത്ത ആരാധകരെ അറിയിച്ചിരിക്കുകയാണ് നടി അഭിരാമി.
ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് താനും ഭർത്താവും അമ്മയും അച്ഛനും ആയിരിക്കുന്നു എന്നാണ് അഭിരാമി അറിയിച്ചത്. കൽക്കി എന്നാണ് കുഞ്ഞിന്റെ പേരെന്നും ദത്തെടുത്തിട്ട് ഒരു വർഷം കഴിഞ്ഞെന്നും അഭിരാമി കുറിച്ചു. എല്ലാവർക്കും മാതൃദിനാശംസകളും അഭിരാമി അറിയിച്ചിട്ടുണ്ട്.
”പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. കഴിഞ്ഞ വർഷമാണ് ഞങ്ങൾ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ് ഞാൻ. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. എന്നാണ് അഭിരാമി കുറിച്ചത്.
1999 ൽ പത്രം എന്ന സിനിമയിലൂടെയാണ് അഭിരാമി മലയാള സിനിമാലോകത്തേക്ക് എത്തുന്നത്. മുൻനിരനടന്മാരുടെയെല്ലാം നായികയായി തിളങ്ങിയ നടി, തമിഴിലും ഒരു കൈ നോക്കി. 2009 ൽ ഹെൽത്ത് കെയർ കൺസൾട്ടന്റായ രാഹുൽ പവനുമായി വിവാഹം കഴിഞ്ഞതോടെ അഭിരാമി സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു.












