ചെന്നൈ: സഹിഷ്ണുതയാണ് സുസ്ഥിര വികസനത്തിന്റെ അടിത്തറയെന്ന് മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം പറഞ്ഞിരുന്നു. അബ്ദുള്‍ കലാമിന്റെ പ്രസംഗങ്ങളും സംഭാഷണങ്ങളും അടങ്ങിയ പുസ്‌കത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
പ്രോസ്‌പെരിറ്റി ആന്‍ഡ് പീസ് ഫോര്‍ ട്വന്റിഫസ്റ്റ് സെഞ്ചുറി എന്ന പുസ്തകത്തിലാണ് അബ്ദുള്‍ കലാമിന്റെ പരാമര്‍ശമുള്ളത്. 2008, 2010 വര്‍ഷങ്ങളില്‍ അദ്ദേഹം കാനഡ സന്ദര്‍ശിക്കുമ്പോള്‍ നടത്തിയ പ്രസംഗങ്ങളുടേയും സംഭാഷണങ്ങളുടേയും സമാഹാരമാണ് പുസ്തകം.
സഹിഷ്ണുതയാണ് സുസ്ഥിരമായ വികസനത്തിന്റെ അടിസ്ഥാനം. ദേശീയ, അന്തര്‍ദേശീയ വികസനത്തിനുള്ള സാമൂഹ്യ അവബോധം ഉണര്‍ത്തുന്നതിനുള്ള ഒരു ആത്മ പരിശോധനയാണിത്-അദ്ദേഹത്തിന്റെ വാക്കുകളെ ഉദ്ധരിച്ച് പുസ്തകത്തില്‍ പറയുന്നു.
വിഭജനത്തിന്റെ സമയത്തുണ്ടായ വര്‍ഗീയ കലാപങ്ങള്‍ക്കിടയില്‍ സമാധാനവും ഒരുമയും ഉണ്ടാക്കാന്‍ ഗാന്ധിജി നടത്തിയ ശ്രമങ്ങളെ പരാമര്‍ശിച്ച് കലാം പറയുന്നു- വൈവിധ്യത്തെ അംഗീകരിക്കാനുള്ള സഹിഷ്ണുതയാണ് ഇന്ത്യയെ ഒന്നിച്ച് നിര്‍ത്തുന്ന ശക്തിയെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു.
കാനഡയില്‍ വെച്ച് ഗാന്ധിജയന്തി ആഘോഷങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം സഹിഷ്ണുതയാണ് സുസ്ഥിര വികസനത്തിന്റെ അടിത്തറ എന്ന വിഷയത്തെകുറിച്ചായിരുന്നു സംസാരിച്ചത്.
ഇന്ത്യ കാനഡ് ഫൗണ്ടേഷന്‍ അംഗം വി.ഐ ലക്ഷ്മണ്‍, കലാമിന്റെ സഹായികളായിരുന്ന വി.പൊന്‍രാജും ജനറല്‍ ആര്‍. സ്വാമിനാഥനും ചേര്‍ന്നാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.
Discussion about this post