ജയ്പൂർ : പാകിസ്താനിൽ നിന്ന് കുടിയേറി വന്ന ഹിന്ദു കുടുംബങ്ങളെ വഴിയാധാരമാക്കി രാജസ്ഥാൻ സർക്കാർ. അമർസാഗർ ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവരുടെ വീടുകൾ സർക്കാർ ബുൾഡോസർ കൊണ്ട് തകർത്തു. സർക്കാർ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് ടീന ധാബി ഐഎഎസിന്റെ നിർദ്ദേശപ്രകാരമാണ് 28 ഓളം വീടുകൾ തകർത്തത്. സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങൾ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി.
ജില്ലാ ആസ്ഥാനത്ത് നിന്ന് നാല് കിലോമീറ്റർ അകലെയുള്ള അമർസാഗറിലാണ് ഇവർ താമസിച്ചിരുന്നത്. എന്നാൽ സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചുവെന്ന് ആരോപിച്ച് ഇവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയായിരുന്നു. വീടുകളിൽ നിന്ന് സ്ത്രീകളെ ഉൾപ്പെടെ വലിച്ചിഴച്ച് പുറത്തേക്കിട്ടെന്നും വീട് കത്തിച്ചെന്നും പരാതിയുണ്ട്.
അമർസാഗർ ഗ്രാമത്തലവനിൽ നിന്നും പ്രദേശത്തെ താമസക്കാരിൽ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് സംഭവത്തെ ന്യായീകരിച്ചുകൊണ്ട് ഐഎഎസ് ടിന ദാബി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ വീട് ഒഴിയാൻ ആവശ്യപ്പെട്ട് ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാലിത് പാലിക്കാൻ ആളുകൾ തയ്യാറായില്ലെന്നും ഐഎഎസ് ഉദ്യോഗസ്ഥ പറഞ്ഞു.
പാകിസ്താനിൽ നിന്ന് പലായനം ചെയ്ത ശേഷം ഇന്ത്യയിലെത്തിയ തങ്ങൾക്ക് ഇന്ത്യയിലും ജീവിക്കാൻ ഭൂമിയില്ലേ എന്നാണ് ഇവർ ചോദിക്കുന്നത്. നീതി ലഭിക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നും ഇവർ പറയുന്നു.
കഴിഞ്ഞ മാസം ജോധ്പൂർ ഡെവലപ്മെന്റ് അതോറിറ്റി 200 ഓളം കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയിരുന്നു. അവയിൽ ഭൂരിഭാഗവും പാകിസ്താനിൽ നിന്നുള്ള കുടിയേറ്റക്കാരുടേതായിരുന്നു.
Discussion about this post