ന്യൂഡൽഹി : ദ കേരള സ്റ്റോറി എന്ന ചിത്രത്തന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് സുപ്രീം കോടതി. സിനിമയ്ക്ക് പശ്ചിമ ബംഗാളിൽ ഏർപ്പെടുത്തിയിരുന്ന വിലക്കാണ് സുപ്രീം കോടതി നീക്കിയത്. ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് വേണമെങ്കിൽ സുരക്ഷയൊരുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
പശ്ചിമ ബംഗാൾ സർക്കാർ ദ കേരള സ്റ്റോറിയുടെ പ്രദർശനം നിരോധിച്ചതിനെതിരെ ചിത്രത്തിന്റെ നിർമാതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്. വികാരങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനാകില്ല എന്നാണ് ഹർജി പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞത്. തമിഴ്‌നാട്ടിൽ സിനിമ നേരിട്ടോ അല്ലാതെയോ നിരോധിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. കൂടാതെ തിയേറ്ററുകൾക്കും പ്രേക്ഷകർക്കും സുരക്ഷ ഒരുക്കാനും തമിഴ്നാടിന് നിർദ്ദേശം നൽകി.
മെയ് 8 നാണ് കേരള സ്റ്റോറി എന്ന ചിത്രം നിരോധിച്ചതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചത്. സംസ്ഥാനത്ത് സിനിമ പ്രദർശിപ്പിക്കരുത് എന്ന് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശവും നൽകി. സിനിമ പ്രദർശിപ്പിച്താൽ സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകരുമെന്നായിരുന്നു സർക്കാരിന്റെ ആരോപണം. എന്നാൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കാമെങ്കിൽ പശ്ചിമ ബംഗാളിന് മാത്രം എന്താണ് പ്രശ്‌നമെന്ന് ആദ്യം കേസ് പരിഗണിച്ചപ്പോൾ തന്നെ സുപ്രീം കോടതി ചോദിച്ചിരുന്നു.








