ശ്രീനഗർ: ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള സമ്മേളനങ്ങൾക്കായി ജമ്മു കശ്മീർ ഒരുങ്ങുന്നതിനിടെ പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങളുമായി പോലീസ്. ചില അന്തരാഷ്ട്ര നമ്പറുകളിൽ നിന്നും ജി20 ഉച്ചകോടിയ്‌ക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് നിർദ്ദേശങ്ങളുമായി പോലീസ് രംഗത്ത് എത്തിയത്. ഇത്തരം നമ്പറുകളിൽ നിന്നും ഫോൺ കോൾ ലഭിച്ചാൽ പ്രതികരിക്കരുതെന്ന് പോലീസ് അറിയിച്ചു.
44 7520693559, +447418343648 and +44 7520693134,+44 7418343648 എന്നീ നമ്പറുകൾക്കെതിരെയാണ് പോലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന് പുറമേ ചില ഐഎസ്ഡി നമ്പറുകളിൽ നിന്നുള്ള കോളുകളോടും പ്രതികരിക്കരുതെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ നമ്പറുകളിൽ നിന്നോ പരിചയമില്ലാത്ത നമ്പറുകളിൽ നിന്നോ സംശയാസ്പദമായ രീതിയിൽ സന്ദേശം ലഭിച്ചാൽ പോലീസിനെ അറിയിക്കാനാണ് നിർദ്ദേശം.
ചില നമ്പറുകളിൽ നിന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ജി20 ഉച്ചകോടിയ്‌ക്കെതിരെ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് കശ്മീർ എഡിജിപി വിജയ് കുമാർ പറഞ്ഞു. ദേശവിരുദ്ധ സന്ദേശങ്ങളാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ ജാഗ്രത പുലർത്തണം. ഇത്തരം നമ്പറുകളിൽ നിന്നും സന്ദേശങ്ങൾ ലഭിച്ചാൽ പോലീസിനെ അറിയിക്കണം. മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻ സൈബർ സെല്ലിനെ വിവരം അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 22 മുതൽ 24 വരെയാണ് ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള സമ്മേളനങ്ങൾ നടക്കുന്നത്.








