ദ കേരള സ്റ്റോറി എന്ന ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തെ അവതിപ്പിച്ചതിന് തനിക്കെതിരെ വധഭീഷണി ഉയരുന്നുണ്ടെന്ന് നടി സോണിയ ബലാനി. ആസിഫ എന്ന മുസ്ലീം പെൺകുട്ടിയുടെ വേഷമാണ് സോണിയ ചിത്രത്തിൽ ചെയ്തിരിക്കുന്നത്. മറ്റ് പെൺകുട്ടികളെ മതംമാറ്റി മുസ്ലീമാക്കുന്ന കഥാപാത്രമാണിത്. ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിച്ചതിന് മതതീവ്രവാദികളിൽ നിന്ന് വധഭീഷണി നേരിടുകയാണെന്ന് സോണിയ പറയുന്നു.
സിനിമയിലൂടെ ആരെയും അധിക്ഷേപിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചില്ല. അത് പെൺകുട്ടികളുടെ കഥയായത് കൊണ്ട് മാത്രമാണ് സിനിമ ചെയ്തത്. ഏഴ് വർഷമായി സംവിധായകൻ സുദീപ്‌തോ സെൻ ഇതിനെക്കുറിച്ച് വിശദമായ ഗവേഷണം നടത്തുകയാണ്. അദ്ദേഹം കുറച്ച് ചിത്രങ്ങളും വീഡിയോകളും കാണിച്ചുതന്നു. അത് കണ്ടപ്പോൾ വളരെ സങ്കടം തോന്നി. സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ തനിക്കത് ഇഷ്ടപ്പെട്ടുവെന്നും തുടർന്നാണ് ആ കഥാപാത്രം ചെയ്യാൻ തീരുമാനിച്ചത് എന്നും സോണിയ പറഞ്ഞു. എന്നാൽ സിനിമ ടീമിലെ ആരും ഇത്തരത്തിലുള്ള പ്രതികരണം പ്രതീക്ഷിച്ചില്ലെന്നും അവർ പറയുന്നു.
” സ്‌ക്രിപ്റ്റ് വായിച്ച് ഞാൻ സ്തംഭിച്ചു നിൽക്കുകയായിരുന്നു. ഇത് ശരിക്കും സംഭവിച്ച കഥയാണെന്ന് തോന്നിപ്പോയി. ഇങ്ങനെ കബളിപ്പിക്കപ്പെട്ട് പോകുന്നതിൽ നിന്ന് ഒരു പെൺകുട്ടിയെ എങ്കിലും രക്ഷിക്കാൻ സാധിച്ചാൽ അത് വലിയ കാര്യമാണെന്ന് തോന്നിപ്പോയി” സോണിയ പറഞ്ഞു.
‘ഇത് ഒരു സമുദായത്തിനും മതത്തിനും എതിരല്ല. ആ പെൺകുട്ടികൾ കടന്നുപോയതിനെക്കുറിച്ചുള്ള ഒരു യഥാർത്ഥ കഥയായി ആളുകൾക്ക് ഇതിനെ കാണാനാകുന്നുണ്ടെങ്കിൽ, അവരുടെ വികാരങ്ങൾക്ക് പ്രശ്‌നമുണ്ടാകില്ല. ഒരു മതത്തെക്കുറിച്ചും ഇതിൽ അഭിപ്രായപ്പെടുന്നില്ല, മറിച്ച് ഐഎസിനെയും തീവ്രവാദത്തെയും കുറിച്ച് മാത്രമാണ് പറയുന്നത്,” നടി പങ്കുവെക്കുന്നു.
”ഇതൊരു യഥാർത്ഥ കഥയാണെന്നും ആ തീവ്രവാദ ഗ്രൂപ്പുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുക മാത്രമാണ് ഉദ്ദേശ്യമെന്നും അവർ മനസ്സിലാക്കിയാൽ, അവർക്ക് സിനിമയെ പോസിറ്റീവ് ആയി കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു. നിരോധിക്കുന്നതിന് പകരം പോസിറ്റീവ് ആയ വശത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ചായ വിൽപനക്കാരൻ മുതൽ എല്ലാ കച്ചവടക്കാരും സിനിമയെ വളരെയധികം പിന്തുണയ്ക്കുന്നുണ്ട്,” താരം വിശദീകരിച്ചു.








