ഗുവാഹത്തി: ഗുവാഹത്തിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായാണ് പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഗുവാഹത്തിയിൽ എത്തുന്നത്. സംഘർഷം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നീക്കം. ” വരും ദിവസങ്ങളിൽ ചില സംഘടനകളോ വ്യക്തികളോ ഓഫീസുകളുടെ പ്രവർത്തനത്തെയോ സാധാരണ ജനങ്ങളുടെ ജീവിതത്തിനോ തടസ്സപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന് പോലീസ് കമ്മീഷണർ ദിഗന്ത ബാര പുറത്ത് വിട്ട മുന്നറിയിപ്പിൽ പറയുന്നു.
വ്യക്തികളോ സംഘടനകളോ നഗരത്തിൽ പ്രകടനം നടത്താനോ പക്ഷോഭം നടത്താനോ സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങളുടെ സമാധാനപരമായ സഞ്ചാരം, ഗതാഗതം, സാധാരണ പ്രവവർത്തനങ്ങൾ, ഓഫീസുകളുടെ സുഗമമായ പ്രവർത്തനം എന്നിവ ഉറപ്പാക്കാൻ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.
നിലവിലെ ഉത്തരവ് പ്രകാരം അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തു ചേരുന്നതിനോ മുദ്രാവാക്യം വിളികളും പ്രകടനവും നടത്തുന്നതിനും വിലക്കുണ്ട്. അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഗുവാഹത്തിൽ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുടെ തറക്കല്ലിടൽ അമിത് ഷാ നിർവഹിക്കും. വിവിധ സർക്കാർ ജോലികളിലേക്കായി 45,000 ഉദ്യോഗാർത്ഥികൾക്ക് നിയമന കത്തുകൾ വിതരണം ചെയ്യുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
Discussion about this post