ഇന്ത്യ കണ്ടതിൽ ഏറ്റവും ശ്രദ്ധേയനായ നേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് നൊബേൽ സമ്മാന ജേതാവ് ബ്രയാൻ പോൾ സ്മിത്. സിഡ്‌നിയിൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പരാമർശം. മൂന്ന് ദിവസത്തെ ഓസ്‌ട്രേലിയ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ബ്രയാൻ പോളിനെ സന്ദർശിച്ചത്. 2011ലെ ഭൗതികശാസ്ത്ര നൊബെൽ സമ്മാന ജേതാവാണ് ബ്രയാൻ പോൾ സ്മിത്ത്.
” എന്റെ ജീവിതകാലത്ത് ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രദ്ധേയനായ നേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തോട് സംസാരിക്കുമ്പോൾ തന്നെ മനസിലാകും. മികച്ച വ്യക്തിത്വം ഉള്ള ആളാണ് അദ്ദേഹം, ആളുകളോട് സംസാരിക്കാനും അദ്ദേഹം വളരെ താത്പര്യം പ്രകടിപ്പിക്കുന്നു. അത് ഇപ്പോൾ അമേരിക്കൻ പ്രസിഡന്റോ അല്ലെങ്കിൽ സമൂഹത്തിലെ ഏതൊരു വ്യക്തിയും ആകട്ടെ, അദ്ദേഹത്തോട് സംസാരിക്കുന്നവർക്ക് അദ്ദേഹത്തെ മികച്ച രീതിയിൽ അറിയാനാകും.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച ഏറെ ആസ്വാദ്യകരമായിരുന്നു. ശാസ്ത്ര-ഗവേഷണമേഖലകളിൽ ഏത് രീതിയിൽ യോജിച്ച് പ്രവർത്തിക്കാം എന്നതിനെക്കുറിച്ച് അദ്ദേഹം മികച്ച രീതിയിൽ വിശദീകരിച്ചു. ശാസ്ത്രരംഗത്ത് ഇന്ത്യ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും” അദ്ദേഹം പറഞ്ഞു. നിലവിൽ ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി മേധാവിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് ബ്രയാൻ പോൾ.








