തിരുവനന്തപുരം: വർക്കലയിൽ തീവണ്ടി തട്ടി രണ്ട് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ഇടവ പാറയിൽ കണ്ണമ്മൂട് എ കെ ജി വിലാസത്തിൽ ഇസൂസി – അബ്ദുൽ അസീസ് ദമ്പതികളുടെ ഇളയമകൾ സ്‌ഹോറിൻ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
റെയിൽവേ ട്രാക്കിന് സമീപമാണ് ഇവരുടെ വീട്. വൈകീട്ട് സഹോദരങ്ങൾക്കൊപ്പം വീട്ട് മുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ ആരും കാണാതെ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. നടന്ന് കുട്ടി റെയിൽവേ ട്രാക്കിന് സമീപം എത്തി. ഇതിനിടെ അതുവഴി പോയ ട്രെയിൻ ഇടിക്കുകയായിരുന്നു.
അതുവഴി പോയ കാൽനടയാത്രികനാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത്. ഇയാൾ അറിയിച്ചതിനെ തുടർന്ന് മറ്റുള്ളവരും സ്ഥലത്ത് എത്തി. ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ നിന്നും കുട്ടി പുറത്തേക്ക് വീണതാകാം എന്നായിരുന്നു നാട്ടുകാരുടെ നിഗമനം. എന്നാൽ ഇതിനിടെ കുട്ടിയെ കാണാതെ അമ്മ തിരഞ്ഞെത്തുകയായിരുന്നു.











