കണ്ണൂർ: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലുണ്ടായ തീപിടുത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാനുമായി ഒരാൾ ട്രെയിനിന്റെ അടുത്ത് എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുലർച്ചെ ഒന്നരയോടെയാണ് ട്രെയിനിന് തീപിടിച്ചത്. തീപിടിച്ച കോച്ച് പൂർണമായി കത്തി നശിച്ചു. കത്തിയ കോച്ചിന്റെ ശുചിമുറിയോട് ചേർന്നുള്ള ചില്ല് തകർത്ത നിലയിലാണ്. ഇതുവഴി ഇന്ധനം അകത്തേക്ക് ഒഴിച്ച ശേഷം തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
പുലർച്ചെ ഒന്നരയോടെ ട്രെയിനിൽ നിന്ന് പുക ഉയരുന്നത് കണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഉടനെ തന്നെ തീ ആളിക്കത്തുകയായിരുന്നു. അഗ്നിശമനസേനയെത്തി 45 മിനിട്ടിനുള്ളിൽ തീ പൂർണമായും അണച്ചു. ട്രെയിനിന്റെ പിൻഭാഗത്തെ കോച്ചാണ് കത്തി നശിച്ചത്. ട്രെയിൻ നിർത്തിയിട്ടതിന് 100 മീറ്റർ അകലെ ബിപിസിഎല്ലിന്റെ പമ്പ് സ്ഥിതി ചെയ്യുന്നുണ്ട്.
തീ പിടിച്ച കോച്ച് പോലീസ് സീൽ ചെയ്തു. എൻഐഎ സംഘവും റെയിൽവേ പോലീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. എലത്തൂരിൽ ട്രെയിൻ തീവയ്പ് ഉണ്ടായ അതേ ട്രെയിനിലാണ് ഇത്തവണയും തീപിടുത്തമുണ്ടായത്. ഈ കേസ് നിലവിൽ എൻഐഎ ആണ് അന്വേഷിക്കുന്നത്. ഫോറൻസിക് സംഘവും ഉടൻ ഇവിടെ എത്തി പരിശോധന ആരംഭിക്കും.











