ന്യൂഡൽഹി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു. സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് മാർപ്പാപ്പയ്ക്ക് നൽകി. രാജി മാർപ്പാപ്പയും സ്വീകരിച്ചു. ഇനി ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും.
പെട്ടെന്നുള്ള രാജിയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ല. ജലന്ധർ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഫ്രാങ്കോ മുളയ്ക്കൽ അറിയിക്കുന്നത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ കോടതി ഫ്രാങ്കോയെ കുറ്റവിമുക്തൻ ആക്കിയെങ്കിലും വിമർശനവും ചർച്ചകളും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെയുണ്ടായ രാജി പല ചർച്ചകൾക്കും കാരണമായിട്ടുണ്ട്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയല്ല രാജിയെന്നും, സ്വയം രാജി സന്നദ്ധ അറിയിക്കുകയായിരുന്നുവെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വ്യക്തമാക്കിയിട്ടുണ്ട്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്. ഇതിനെതിരെ നൽകിയ ഹർജി മേൽകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് ഫ്രാങ്കോയുടെ രാജി.
Discussion about this post