തിരുവനന്തപുരം: സംസ്ഥാനത്തെ എ.ഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. ഹെൽമെറ്റും സീറ്റ്‌ബെൽറ്റും അമിതവേഗതയും ഉൾപ്പെടെ ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രതിദിനം ഒന്നേമുക്കാൽ ലക്ഷം വരെ നിയമലംഘനങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹനവകുപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 726 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഒരു ദിവസം ഒന്നിൽ കൂടുതൽ തവണ നിയമം ലംഘിച്ചാൽ ഓരോ നിയമ ലംഘനത്തിനും പ്രത്യേകം പ്രത്യേകം പിഴ ഈടാക്കും. ദേശീയ പാതയിൽ സ്പീഡ് ക്യാമറകൾ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ക്യാമറ കാണുന്ന പക്ഷം വേഗത കുറച്ച് പിന്നീട് സ്പീഡ് കൂട്ടിയാലും പിടിക്കപ്പെടും. ഓരോ ക്യാമറയിലും വാഹനം കടന്നുപോകുന്ന സമയം കണക്കിലെടുക്കും. അനുവദനീയമായതിൽ കൂടുതൽ വേഗമെടുത്താൽ പിഴ ചുമത്തും.
അതേസമയം എ.ഐ.ക്യാമറകളിൽ നിന്ന് പ്രമുഖരെ ഒഴിവാക്കണമെന്നാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. അവശ്യവിഭാഗങ്ങളെ ഒഴിവാക്കുന്നതിന്റെ മറവിലാണ് മന്ത്രിമാരും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള വിഐപികളെ സംരക്ഷിക്കാനൊരുങ്ങുന്നത്. നിയമലംഘനം ശ്രദ്ധയിൽപെട്ടാലും സ്വാധീനമുള്ളവർക്ക് പിഴ നോട്ടീസ് അയക്കാതിരിക്കാൻ സാധിക്കും. നിലവിലുള്ള ചട്ടപ്രകാരം എമർജൻസി വാഹനങ്ങളെ പിഴയിൽ നിന്ന് ഒഴിവാക്കാനാകും. പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ്, ദുരന്തനിവരാണ പ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങൾ എന്നിവയാണ് ഈ വിഭാഗത്തിൽ വരുന്നത്. ഈ ചട്ടം ദുർവ്യാഖ്യാനിച്ചാണ് രാഷ്ട്രീയപ്രമുഖരുടെ നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കാനൊരുങ്ങുന്നത്.
Discussion about this post