ന്യൂഡൽഹി: ഇന്ത്യയിൽ സന്ദർശനം നടത്തുന്ന യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു ഇതിന് പിന്നാലെയാണ് അജിത് ഡോവലിനെയും കണ്ടത്. ഇന്ത്യയും യുഎസുമായുളള പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ലോയ്ഡ് ഓസ്റ്റിന്റെ സന്ദർശനം.
ഇന്തോ- പസഫിക് മേഖലയിലെ സഹകരണവും സൈനികമേഖലയിലെയും സമുദ്രമേഖലയിലെ പുതിയ സാങ്കേതികവിദ്യകളിലെയും സഹകരണവും ഇരുവരും ചർച്ച ചെയ്തു. ആത്മനിർഭർ ഭാരതും മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയും പ്രയോജനപ്പെടുത്തി ഇരുരാജ്യങ്ങൾക്കും പ്രതിരോധ സാങ്കേതിക മേഖലയിൽ എങ്ങനെ കൂടുതൽ സഹകരിക്കാമെന്ന് ഇരുവരും ചർച്ച ചെയ്തു.
മദ്ധ്യേഷ്യയിലെയും തെക്ക് കിഴക്കൻ ഏഷ്യയിലെയും ഇൻഡോ പസഫിക് മേഖലയിലെയും സുരക്ഷാ വെല്ലുവിളികളും ഇരുവരും വിലയിരുത്തി. ലഭ്യമായ എല്ലാ സർക്കാർ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ആഗോള വെല്ലുവിളികളെ നേരിടാനുളള തന്ത്രപരമായ സമീപനവും ഇരുവരും ചർച്ച ചെയ്തു.
നേരത്തെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായും ഓസ്റ്റിൻ ചർച്ചകൾ നടത്തിയിരുന്നു. രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഇരുരാജ്യങ്ങളും തമ്മിലുളള പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിലുളളതായി മാറിക്കഴിഞ്ഞുവെന്ന് ലോയ്ഡ് ഓസ്റ്റിൻ ട്വിറ്ററിൽ കുറിച്ചു. തന്ത്രപ്രധാന മേഖലകളിലടക്കം പ്രതിരോധ സഹകരണം ലക്ഷ്യമിട്ടുളള ചർച്ചകൾ നടന്നതായി രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
Discussion about this post