കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഫുഡ് ടെക്‌നോളജി ബിരുദ വിദ്യാർത്ഥി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവം ചർച്ചയാകുന്നതിനിടെ, കോളേജിലെ മറ്റ് ക്രൂരനിയമങ്ങൾക്കെതിരെ കൂടുതൽ വിദ്യാർത്ഥികൾ രംഗത്തെത്തുന്നു.
ഇതോടൊപ്പം കോളേജിലെ ആകാശ നടപ്പാത വീണ്ടും ചർച്ചകളിൽ നിറയുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിൽ നിർമ്മിക്കപ്പെടുന്ന ഏറ്റവും നീളം കൂടിയ പാലമെന്ന വിശേഷണത്തോടെ അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ച ആകാശപാതയുടെ ഉപയോഗം കേട്ടാൽ ഞെട്ടുമെന്നാണ് പൂർവ്വ വിദ്യാർത്ഥികളടക്കം പറയുന്നത്.
കോളെജ് ക്യാമ്പസിൽ നിന്ന് പെൺകുട്ടികളുടെ ഹോസ്റ്റൽ വരെയാണ് 500 മീറ്റർ ദൂരത്തിൽ മേൽ ആകാശപ്പാലം നിർമിച്ചിരിക്കുന്നത്. പെൺകുട്ടികൾക്ക് മാത്രമേ പാലത്തിലൂടെ നടക്കാൻ അനുവാദമുള്ളൂ. കോളേജിലെ ആൺകുട്ടികളുമായി ഇടപഴകാതെ പെൺകുട്ടികൾക്ക് കോളേജിൽ നിന്നും ഹോസ്റ്റലുകളിലേക്ക് പോവാനുള്ള ഈ നിർമ്മിതിയെ കൂടാതെ, ക്യാമ്പസിനകത്ത് ഫോണിൽ സംസാരിച്ചാലും ആൺസുഹൃത്തുക്കളോട് സംസാരിച്ചാലും പിഴ, ഹോസ്റ്റലിന് ഉള്ളിൽ വരെ ഡ്രെസ് കോഡ്, ഇങ്ങനെ പോകുന്നു കോളേജിലെ പ്രാകൃത നിയമങ്ങൾ.
ഹോസ്റ്റലിൽ വച്ച് അച്ചന്മാർ കുട്ടികളെ തെറിവിളിക്കുന്നതായും വിദ്യാർത്ഥിനികളെ ‘സ്ലട് ഷെയിം’ ചെയ്യുന്നതായും ഇന്റേണൽ പരീക്ഷയ്ക്ക് മനഃപൂർവം മാർക്ക് കുറച്ചുനൽകിയും ലാബ് പരീക്ഷയിൽ ജയിക്കുന്നവരെ തോല്പിച്ചുമൊക്കെയാണ് ഈ കാഞ്ഞിരപ്പള്ളി കോളജിൽ അച്ചടക്കം നടപ്പാക്കുന്നതെന്ന് കുട്ടികൾ പരാതി പറയുന്നുണ്ട്.
Discussion about this post