മുംബൈ: രാജ്യത്ത് 500 രൂപ നോട്ടുകൾ പിൻവലിക്കാൻ പദ്ധതിയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. 500 രൂപ പിൻവലിച്ച് പകരം 1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുമെന്നുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും ആർബിഐ ഗവർണർ കൂട്ടിച്ചേർത്തു.’500 രൂപ നോട്ടുകൾ പിൻവലിക്കാനോ 1000 രൂപയുടെ നോട്ടുകൾ വീണ്ടും അവതരിപ്പിക്കാനോ ആർബിഐ ആലോചിക്കുന്നില്ല. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാസം ആർബിഐ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയായ 2000 രൂപാ നോട്ടുകൾ പിൻവലിച്ചതിന് ശേഷം, പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളിൽ 50% ത്തോളം ബാങ്കിംഗ് സംവിധാനത്തിലൂടെ തിരിച്ചെത്തിയതായും ദാസ് അറിയിച്ചു. ധനനയ യോഗത്തിലെ തീരുമാനങ്ങൾ പ്രഖ്യാപിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
2023 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിൻവലിക്കൽ പ്രഖ്യാപനത്തിന് ശേഷം ഇതുവരെ 1.80 ലക്ഷം കോടി രൂപ തിരിച്ചെത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.നേരത്തെ 6.5 ശതമാനമായി തന്നെ റിപ്പോ നിരക്ക് നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post