പാലക്കാട്: ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളത്തെ വിളിക്കാറ്. ഗ്രാമഭംഗി കൊണ്ട് സമ്പന്നമാണ് നമ്മുടെ ഈ കൊച്ചു കേരളം. അതിമനോഹരമായ നിരവധി ഗ്രാമങ്ങളും കേരളത്തിലുണ്ട്. ഇപ്പോഴിതാ കേരളത്തിൽ നിന്നുള്ള ഒരു ഗ്രാമക്കാഴ്ച സമൂഹമാദ്ധ്യമങ്ങളിലാകെ വൈറലായിരിക്കുകയാണ്.
കളേഴ്‌സ് ഓഫ് ഭാരത് എന്ന ട്വിറ്റർ പേജിലാണ് ഇന്ത്യയിലെ അതിമനോഹരമായ പത്ത് ഗ്രാമങ്ങളെ കുറിച്ച് വിവരിക്കുന്നത്. ഗ്രാമങ്ങളുടെ ചിത്രങ്ങൾ സഹിതമാണ് വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ഉൾപ്പെടെ ഉള്ളവർ ഇത് റീട്വീറ്റ് ചെയ്തതോടെയാണ് പോസ്റ്റ് വളരെ വേഗം വൈറലായത്.
ഈ വീഡിയോയിൽ മൂന്നാമതായി ഉൾപ്പെടുത്തിയിരിക്കുന്നത് പാലക്കാടിന്റെ സ്വന്തം കൊല്ലങ്കോട് ആണെന്നതാണ് മലയാളികൾക്ക് അഭിമാനിക്കാവുന്ന കാര്യം.
ഹിമാചലിലെ കൽപ, മേഘാലയയിലെ മൗളിനോംങ്, പാലക്കാട്ടെ കൊല്ലങ്കോട്, തമിഴ്നാട്- കന്യാകുമാരിയിലെ മാത്തൂർ, കർണാടകയിലെ വാരംഗ, പശ്ചിമ ബംഗാൾ- ഡാർജിലിംഗ് അതിർത്തിയിലെ ഗോർഖേയ് ഖോല, ഒഡീഷയിലെ ജിരാംഗ്, അരുണാചൽ പ്രദേശിലെ സിറോ, ഉത്തരാഖണ്ഡിലെ മനാ, രാജസ്ഥാനിലെ ഖിംസർ എന്നിവയാണ് ‘കളേഴ്സ് ഓഫ് ഭാരത്’ തിരഞ്ഞെടുത്തിരിക്കുന്ന ഇന്ത്യയിലെ മനോഹരമായ പത്ത് ഗ്രാമങ്ങൾ.
എല്ലാ ഗ്രാമങ്ങളുടേയും ചിത്രങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രാമങ്ങൾ കാണണമെന്ന ആഗ്രഹവുമായി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.












