തിരുവനന്തപുരം: ഈ മാസം ജൂൺ 23 ന് (വെള്ളിയാഴ്ച) നടത്താൻ തീരുമാനിച്ച ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചർ ജൂനിയർ- അറബിക് (കാറ്റഗറി നമ്പർ 732/2021) തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷ മാറ്റി വച്ച് പിഎസ്.സി. പുതിുക്കിയ തീയതി പിന്നീട് നിശ്ചയിച്ച് അറിയിക്കും.
ജുമുഅ നിസ്‌കാരം തടസ്സപ്പെടുന്ന രീതിയിൽ വെള്ളിയാഴ്ച നിശ്ചയിച്ച ഓൺലൈൻ പരീക്ഷ മാറ്റണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷ മാറ്റി വച്ചത്.കേരള മുംസ്ലീം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാദ്ധ്യക്ഷൻ വടശ്ശേരി ഹസ്സൻ മുസ്ലിയാർ അടക്കമുള്ള നേതാക്കളും തീവ്ര മുസ്ലീം വിശ്വാസികളും ഇക്കാര്യം ആവശ്യപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു.
ജൂൺ 23 വെള്ളിയാഴ്ച പകൽ 11.15 മുതൽ 1.45 വരെയാണ് പരീക്ഷാ സമയം നിശ്ചയിച്ചിരിക്കുന്നത്. ഇത് പരീക്ഷ എഴുതുന്ന ഭൂരിഭാഗം ആളുകളുടെയും ജുമുഅ നിസ്‌ക്കാരം തടസ്സപ്പെടുത്തുമെന്നായിരുന്നു വാദം. ഇത് അംഗീകരിച്ചാണ് പിഎസ്.സി ഇപ്പോൾ പരീക്ഷ തന്നെ മാറ്റി വച്ചിരിക്കുന്നത്.












