തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസം കേരളത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കർണാടക തീരങ്ങളിലും ലക്ഷദ്വീപ് ഭാഗങ്ങളിലും മത്സ്യബന്ധനത്തിന് പോകുന്നതിനും വിലക്കുണ്ട്. വരുന്ന മൂന്ന് ദിവസത്തേക്കാണ് വിലത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
തെക്ക് മദ്ധ്യ ജില്ലകളിലും മികച്ച മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. മദ്ധ്യ കിഴക്കൻ അറബിക്കടലിന് മുകളിൽ ബിപോർജോയ് അതിശക്തമായ ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. മറ്റന്നാൾ വരെ വടക്ക് ദിശയിലായിരിക്കും ഇതിന്റെ സഞ്ചാരം. എന്നാൽ പിന്നീട് ദിശ മാറി പാകിസ്താൻ തീരത്തിനും മണ്ഡവി തീരത്തിനുമിടയിൽ 15ാം തിയതിയോടെ കരയിലേക്ക് പ്രവേശിക്കും. 150 കിലോമീറ്റർ വേഗതയിലാകും ഇത് കരയിലേക്കെത്തുന്നത്.
വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ദുർബലമായെങ്കിലും സംസ്ഥാനത്തിന്റെ പലഭാഗത്തും പരക്കെ മഴ ലഭിക്കും. കേരള തീരത്ത് ഇന്ന് മൂന്ന് മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറയുന്നു.
Discussion about this post