ന്യൂഡൽഹി: ബിഎസ്എഫിന്റെ പുതിയ ഡയറക്ടർ ജനറലായി നിതിൻ അഗർവാളിന് നിയമനം. കേരള കേഡറിൽ നിന്നുള്ള 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിൽ സിആർപിഎഫ് ആസ്ഥാനത്ത് ഓപ്പറേഷൻസ് അഡീഷണൽ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിക്കുകയാണ് നിതിൻ അഗർവാൾ. 2026 ജൂലായ് 31 വരെയായിരിക്കും ബിഎസ്എഫ് ഡിജിയായി അദ്ദേഹം ചുമതലയിൽ തുടരുന്നത്. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്.
കഴിഞ്ഞ വർഷം അവസാനം പങ്കജ് കുമാർ സിംഗ് വിരമിച്ച ഒഴിവിലേക്കാണ് ബിഎസ്എഫ് മേധാവിയായി നിതിൻ അഗർവാൾ എത്തുന്നത്. പങ്കജ് കുമാർ വിരമിച്ചതിന് പിന്നാലെ സിആർപിഎഫ് ഡയറക്ടർ ജനറൽ സുജോയ് ലാൽ ബിഎസ്എഫിന്റെ അധിക ചുമതല നിർവഹിച്ച് വരികയായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നിർണായക ചുമതലകൾ വഹിച്ചിട്ടുള്ള നിതിൻ അഗർവാൾ ഏറെ അനുഭവ സമ്പത്തോടെയാണ് പുതിയ സ്ഥാനത്തേക്ക് എത്തുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ശാസ്ത്ര സീമ ബലിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഡൽഹിയിൽ ബിഎസ്എഫും ബോർഡർ ഗാർഡ് ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ദിവസത്തെ നിർണായക ചർച്ച ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ നിയമനം. ഇന്നാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചയ്ക്ക് തുടക്കമാകുന്നത്. ചർച്ച അവസാനിക്കുന്ന 14ാം തിയതിക്ക് മുൻപായി ഇന്നോ നാളെയോ തന്നെ നിതിൻ അഗർവാൾ ചുമതലയേൽക്കുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.
Discussion about this post